പ്രവാസികളെ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.എന്‍. പ്രതാപന്‍
Kerala News
പ്രവാസികളെ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടി.എന്‍. പ്രതാപന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 7:50 pm

തൃശ്ശൂര്‍: പ്രവാസികളെ തിരിച്ച് അവരുടെ ജോലിസ്ഥലങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.പി. പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ ജി.സി.സി. രാജ്യങ്ങള്‍ യാത്രാവിലക്ക് നീട്ടിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റ നടപടി.

ഇന്ത്യയില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് അത് വിദേശ രാജ്യങ്ങളില്‍ കൂടി സാധുത കിട്ടുന്നതിന് ഇടപെടലുകള്‍ വേണ്ടി വരും. വാക്‌സിനേറ്റ് ചെയ്തവരുടെ യാത്ര എത്രയും പെട്ടെന്ന് സൗകര്യപ്പെടുത്തണമെന്നും നയതന്ത്ര തലങ്ങളില്‍ ഇതിനുവേണ്ട ശ്രമങ്ങളുണ്ടാകണമെന്നും ടി.എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

‘ഇന്ത്യയില്‍ നിന്ന് മടങ്ങിച്ചെന്ന് ജോലിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ പലരുടേയും വിസ കാലാവധി തീരാനിരിക്കുന്നു. ഇത് വലിയ നഷ്ടമാണ് നമുക്ക് ഉണ്ടാക്കുക.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാര്‍ ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നത്. ഏറെപേരുടെയും ഉപജീവനം അവതാളത്തിലായിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും,’ ടി.എന്‍. പ്രതാപന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടിയിരുന്നു. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യു.എ.ഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ  

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: TN Prathapan MP demanded immediate intervention of the Central Government to repatriate the expatriates.