രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ടി.എന്‍ പ്രതാപന്‍; പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവര്‍; പരാതി ഗൗരവതരം
Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ടി.എന്‍ പ്രതാപന്‍; പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവര്‍; പരാതി ഗൗരവതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd August 2025, 12:53 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ടി.എന്‍ പ്രതാപന്‍.

രാഹുലിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗൗരവമേറിയ ആരോപണങ്ങള്‍ ആണെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

എ.ഐ.സി.സിയും കെ.പി.സി.സിയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുമെല്ലാം ഈ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് കാര്യങ്ങളോട് പ്രതികരിച്ചതെന്നും അത് തന്നെയാണ് തന്റെ നിലപാടെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകന്‍മാര്‍ വ്യക്തി ജീവിതത്തിലും പൊതുമണ്ഡലത്തിലും പാലിക്കേണ്ട മര്യാദകള്‍ ഉണ്ടെന്നും അത് കാത്തുസൂക്ഷിക്കാന്‍ ഓരോ വ്യക്തികളും ബാധ്യസ്ഥരാണെന്നും പ്രതാപന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണം. അവര്‍ സമൂഹത്തിന് മാതൃകയായിരിക്കണം. ഈ വിഷയത്തില്‍ എന്റെ കൂടി നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പാര്‍ട്ടി വിശദമായി തന്നെ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. പൊതുപ്രവര്‍ത്തകരെ സംബന്ധിച്ച് അവരുടെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും പൊതുസമൂഹം ഭൂതക്കണ്ണാടി വെച്ച് നോക്കുന്നതാണ്. വിമര്‍ശനം സ്വാഭാവികമായും വരും. രാഷ്ട്രീയമായ വിമര്‍ശനമൊക്കെ വരും. അത് വേറെ.

എന്നാല്‍ വ്യക്തിജീവിതവും സാമൂഹ്യജീവിതവും ഒരു പൊതുപ്രവര്‍ത്തകന്‍ സൂക്ഷ്മതയോടെ കൊണ്ടുനടക്കേണ്ടതാണ്,’ പ്രതാപന്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്ക് ലഭിച്ചത് ഒമ്പതോളം പരാതികളാണെന്നാണ് അറിയുന്നത്. ഇതില്‍ ഒരു മുന്‍ എം.പിയുടെ മകളും രാഹുലിനെതിരെ എ.ഐ.സി.സിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നല്‍കിയെന്നും പിന്നീട് രാഹുല്‍ അതില്‍ നിന്ന് പിന്മാറിയെന്നുമാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് നാല് തവണ ഈ എം.പി രാഹുലിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും പിന്നീടാണ് വിവാഹത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയതെന്നുമാണ് റിപ്പോര്‍ട്ട്.

പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള വിവാഹം വീട്ടുകാര്‍ അംഗീകരിക്കില്ലെന്നാണ് രാഹുല്‍ പറഞ്ഞതെന്നും ഈ ഷോക്കില്‍ നിന്നും പെണ്‍കുട്ടി ഇപ്പോഴും മുക്തയായിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിയില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. രാഹുലിന്റെ രാജിക്കായി കെ.പി.സി.സിയില്‍ സമ്മര്‍ദ്ദമുണ്ട്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാജിവെപ്പിക്കണമെന്ന ആവശ്യം ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്നാണ് രാഹുല്‍ ഇന്ന് പ്രതികരിച്ചത്.

രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദീപ ദാസ് മുന്‍ഷി പ്രതികരിച്ചത്.

രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്നും നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാര്‍മിക പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു. രാഹുല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ദീപ ദാസ് മുന്‍ഷി പ്രതികരിച്ചു.

Content Highlight: TN Prathapan against Rahul Mamkoottathil