ശിക്ഷക്ക് സുപ്രീം കോടതിയുടെ സ്റ്റേ; പൊന്മുടിയെ മന്ത്രിയായി അവരോധിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ
national news
ശിക്ഷക്ക് സുപ്രീം കോടതിയുടെ സ്റ്റേ; പൊന്മുടിയെ മന്ത്രിയായി അവരോധിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ഗവർണർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th March 2024, 10:06 am

ചെന്നൈ: കെ. പൊന്മുടിയെ വീണ്ടും തമിഴ്നാട് മന്ത്രിയായി അവരോധിക്കാൻ വിസമ്മതിച്ച് ഗവർണർ ആർ.എൻ. രവി. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തെഴുതി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ സുപ്രീം കോടതി പൊന്മുടിയുടെ ശിക്ഷ സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ മാർച്ച്‌ 13നോ മാർച്ച്‌ 14നോ അദ്ദേഹത്തെ മന്ത്രിയായി അവരോധിക്കണമെന്ന് മാർച്ച്‌ 13ന് സ്റ്റാലിൻ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ മാർച്ച്‌ 14ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഗവർണർ ദൽഹിയിലേക്ക് പോയി. മാർച്ച്‌ 16നാണ് തിരിച്ചുവന്നത്.

മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ പൊന്മുടിയുടെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടേ ഉള്ളൂ എന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി രാജ്ഭവൻ ഗവർണറുടെ കത്ത് മുഖ്യമന്ത്രിക്ക് അയച്ചു.

പൊന്മുടിയെ മന്ത്രിയാക്കുന്നതിൽ നിയമതടസമില്ലെന്നും ഗവർണർ അതിനായി ഒരു തീയതി നിശ്ചയിക്കുമെന്നും നിയമ മന്ത്രി എസ്. രഘുപതി കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൊന്മുടിയെ മന്ത്രിയായി അവരോധിക്കുന്നതിന് തടസമാകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡിസംബർ 2023ലാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊന്മുടിയെയും പങ്കാളിയെയും അറസ്റ്റ് ചെയ്തത്.

തുടർന്ന് നിയമസഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനായ അദ്ദേഹത്തിന് മന്ത്രിസ്ഥാനവും നഷ്ടമായി.

മാർച്ച്‌ 11നാണ് സുപ്രീം കോടതി പൊന്മുടിയുടെ ശിക്ഷ സ്റ്റേ ചെയ്തത്. തുടർന്ന് അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ തിരുകൊയിലൂരിൽ ഉപതെരഞ്ഞെടുപ്പ് നടത്തുവാനുള്ള വിജ്ഞാപനം പിൻവലിച്ചിരുന്നു.

Content Highlight: TN Guv refuses to swear in Ponmudy as minister