ചെന്നൈ: ലോക പ്രശസ്ത ദാര്‍ശനികന്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തു. ചെന്നൈ എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറിക്ക് മുന്നിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇടതുപാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

മാര്‍ക്‌സിനെ സ്ഥാപിച്ച്, അസമത്വം ഇല്ലാതാക്കാനാണ് ശ്രമമെന്ന് സ്റ്റാലിന്‍ എക്‌സിലൂടെ പ്രതികരിച്ചു.

‘ചെന്നൈ വീണ്ടും ചുവക്കുന്നു. കാള്‍ മാര്‍ക്‌സിന്റെ പ്രതിമ കണ്ണിമാറ ലൈബ്രറിയിലുണ്ട്. എവിടെ നിന്ന് ലഭിക്കുന്ന പുരോഗമന ആശയമാണെങ്കിലും അതിലൂടെ നമ്മള്‍ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.

ആധിപത്യ ശക്തികള്‍ ജയിക്കാനായി ശ്രമിക്കുമ്പോള്‍ നമുക്ക് അവയെ ചെറുക്കാം, അതാണ് ദ്രാവിഡ മാതൃക’, സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

85.50 ലക്ഷം രൂപ ചെലവിലാണ് കാള്‍ മാര്‍ക്‌സിന്റെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എഴുത്തുകാരനും മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ പ്രൊഫ. എ. മാര്‍ക്‌സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പ്രതിമ സ്ഥാപിച്ചത്.

ചടങ്ങില്‍ സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി.ഷണ്‍മുഖം, സി.പി.ഐ സെക്രട്ടറി എം.വീരപാണ്ഡ്യന്‍, വി.സി.കെ മേധാവി തോള്‍ തിരുമാവളന്‍ തുടങ്ങിയവരും പ്രമുഖ കോണ്‍ഗ്രസ്, എം.ഡി.എം.കെ പാര്‍ട്ടി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മാര്‍ക്‌സിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

Content Highlight: TN CM MK Stalin inaugurates in  karl Marx Statue in Chennai