പാര്‍ട്ടിയുമായി ഭിന്നത; തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടു
India
പാര്‍ട്ടിയുമായി ഭിന്നത; തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th June 2026, 12:03 pm

ചെന്നൈ: ദിവസങ്ങളായി തുടര്‍ന്നുവന്ന രാഷ്ട്രീയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട്, തമിഴ്നാട് ബി.ജെ.പി നേതാവും പാര്‍ട്ടി മുന്‍ അധ്യക്ഷനുമായിരുന്ന കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. രാജി ബി.ജെ.പി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ സ്വീകരിച്ചതായി പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

അടുത്തിടെ ദല്‍ഹി സന്ദര്‍ശിച്ച അണ്ണാമലൈ, ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

തമിഴ്നാട്ടിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സഖ്യ സമവാക്യങ്ങളെക്കുറിച്ചുമുള്ള തന്റെ ആശങ്കകളും പരാതികളും അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി വ്യാഴാഴ്ച തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ നടത്തിയെങ്കിലും പാര്‍ട്ടി വിടാനുള്ള തീരുമാനത്തില്‍ അണ്ണാമലൈ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ന് അദ്ദേഹത്തിന്റെ രാജി പാര്‍ട്ടി ഔദ്യോഗികമായി സ്വീകരിച്ചു.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ യുമായി സഖ്യം പുനരാരംഭിച്ചതോടെയാണ് അണ്ണാമലൈയും കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അടിത്തറ വികസിപ്പിക്കുന്നതിനായി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിലപാടുകാരനായിരുന്നു അണ്ണാമലൈ. എന്നാല്‍ ഡി.എം.കെയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സഖ്യവുമായി മുന്നോട്ടുപോകാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

കൂടാതെ, ബി.ജെ.പിയുമായി സഖ്യം ആരംഭിക്കുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥയായി തമിഴ്നാട് ബി.ജെ.പി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് എ.ഐ.എ.ഡി.എം.കെ മേധാവി എടപ്പാടി കെ. പളനിസ്വാമി ആവശ്യപ്പെട്ടിരുന്നതായി സൂചനകളുണ്ട്. ഇതിന്റെ ഭാഗമായാണ് അണ്ണാമലൈയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നേരത്തെ മാറ്റിയിരുന്നത്. ഈ നീക്കങ്ങള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ അകറ്റി.

ബി.ജെ.പി വിട്ട അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. തമിഴ്നാട്ടിലുടനീളമുള്ള യുവ നേതാക്കളെ കണ്ടെത്താനും, അവര്‍ക്ക് പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള ഒരു വലിയ ജനകീയ പ്രസ്ഥാനം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അണ്ണാമലൈ എന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഈ പ്രസ്ഥാനത്തെ ഭാവിയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെടുത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. നിലവില്‍ അദ്ദേഹം നടത്തിവരുന്ന ‘വീ ദി ലീഡേഴ്‌സ്’ എന്ന നേതൃത്വ സംരംഭം ഈ വലിയ രാഷ്ട്രീയ പദ്ധതിയുടെ അടിത്തറയായി വര്‍ത്തിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

തന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും രാജിവെക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായി സോഷ്യല്‍ മീഡിയ വഴി പൊതുജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അണ്ണാമലൈ ഒരുങ്ങുകയാണ്.

അണ്ണാമലൈ രാജിവെച്ചെങ്കിലും, അദ്ദേഹം ഉന്നയിച്ച നിര്‍ദ്ദേശങ്ങളും ആശങ്കകളും പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അവ സംഘടനയ്ക്കുള്ളില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

അണ്ണാമലൈയുടെ പുറത്തുപോകല്‍ തമിഴ്നാട്ടിലെ ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെയോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ സാധ്യതകളെയോ ബാധിക്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകനായിരുന്ന കെ. അണ്ണാമലൈ 2020-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കകം സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചു. ഒരു വര്‍ഷത്തിനുശേഷം, 37-ാം വയസ്സില്‍ അദ്ദേഹം തമിഴ്നാട് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു.

2023-ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സഹ-ചുമതലക്കാരനാക്കിയതോടെ ദേശീയതലത്തിലും അദ്ദേഹത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചു. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും പാര്‍ട്ടിയുടെ സ്വാധീനം സോഷ്യല്‍ മീഡിയയിലും യുവാക്കള്‍ക്കിടയിലും വലിയ രീതിയില്‍ ഉയര്‍ത്തുന്നതിനും അണ്ണാമലൈ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

എന്നിരുന്നാലും, തമിഴ്നാട്ടില്‍ ഒരു ജനകീയ മുഖമായി മാറിയിട്ടും തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. 2021-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും (അരവകുറിച്ചി), 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും (കോയമ്പത്തൂര്‍) അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല.

Content Highlight:  TN BJP leader Annamalai resigns from party