സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും
Kerala
സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും
രാഗേന്ദു. പി.ആര്‍
Monday, 16th March 2026, 5:40 pm

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ടി.കെ. ഗോവിന്ദന്‍. തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഹാന്‍വീവ് ചെയര്‍മാനുമാണ് ടി.കെ. ഗോവിന്ദന്‍.

കഴിഞ്ഞ 60 വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധ്യാപകനായി ജോലി കിട്ടിയപ്പോഴും രാഷ്ട്രീയത്തിലാണ് ശ്രദ്ധ ചെലുത്തിയിരുന്നതെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ കാണാത്ത ചില പ്രവണതകളാണ് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലപാട് അറിയിച്ചതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ട്. 2026 നിയമസഭാ തെരഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഘടനയുടെ ധാര്‍മികതയ്ക്ക് ചേരാത്ത തീരുമാനങ്ങളാണ് സി.പി.ഐ.എം സ്വീകരിച്ചിരിക്കുന്നത്.

തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെയും പയ്യന്നൂരില്‍ ടി.എ. മധുസൂദനനെയും മത്സരിപ്പിക്കണമെന്നായിരുന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം. എന്നാല്‍ ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിയോജിപ്പ് ഉണ്ടായി. പക്ഷെ ഈ വിയോജിപ്പുകള്‍ പരിഗണിക്കാതെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.

മധുസൂദനന്‍ ഫണ്ട് തട്ടിപ്പ് ആരോപണം നേരിടുന്ന നേതാവാണെന്നും തളിപ്പറമ്പില്‍ നടന്നത് വലിയ നീതികേടാണെന്നും ടി.കെ. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വീണ്ടും എം.എല്‍.എയാകാനാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഭാര്യ ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടി.കെ. ഗോവിന്ദന്‍ മത്സരിച്ചാല്‍ പിന്തുണക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. കണ്ണൂര്‍ ഡി.സി.സിയില്‍ നടന്ന യോഗത്തിലാണ് കോണ്‍ഗ്രസ് ഈ തീരുമാനത്തിലെത്തിയത്. ടി.കെ. ഗോവിന്ദനുമായി കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ പി.വി. അബ്ദുള്‍ റഷീദാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി തളിപ്പറമ്പില്‍ മത്സരിച്ചത്. ഇത്തവണ അബ്ദുല്‍ റഷീദിനെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും നിലവില്‍ ടി.കെ. ഗോവിന്ദനെ പിന്തുണക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlight: TK Govindan leaves CPI(M); will contest against PK Shyamala in Taaliparamba

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.