സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസിനോട് പറഞ്ഞ് മടുത്തു: അരവിന്ദ് കെജ്‌രിവാള്‍
national news
സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസിനോട് പറഞ്ഞ് മടുത്തു: അരവിന്ദ് കെജ്‌രിവാള്‍
ന്യൂസ് ഡെസ്‌ക്
Thursday, 21st February 2019, 8:07 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ സഖ്യമുണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കോണ്‍ഗ്രസിനോട് സംസാരിച്ച് കുഴങ്ങിയെന്നും അവര്‍ക്കത് മനസിലാവുന്നില്ലെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സഖ്യമുണ്ടായാല്‍ ദല്‍ഹിയില്‍ ബി.ജെ.പിയ്ക്കുള്ള എല്ലാ സീറ്റുകളും തിരിച്ചു പിടിക്കാനാവുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മനസില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ ജുമാ മസ്ജിദിന് സമീപം നടന്ന റാലിയിലാണ് കെജ്‌രിവാളിന്റെ വാക്കുകള്‍.

ശരദ്പവാറിന്റെ വസതിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം കെജ്‌രിവാളും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ബംഗാളിലും ദല്‍ഹിയിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒന്നിച്ച് മത്സരിക്കണമെന്നാണ് കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ ആര് പ്രധാനമന്ത്രിയാവുമെന്നതല്ല വിഷയമെന്നും മോദിയെയും അമിത് ഷായെയും താഴെയിറക്കലാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായി ഷീല ദീക്ഷിത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ എ.എ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പറഞ്ഞിരുന്നു. 2013ല്‍ ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് എ.എ.പി ആദ്യമായി ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്.