കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒരു സ്ഥലത്തിന് പേര് ഇടുന്നതിനെ ചൊല്ലി സംഘര്‍ഷം.
കടപ്പയിലെ ഒരു പ്രമുഖ ജംഗ്ഷന് പേരിടിന്നതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്.
ടിപ്പു സുല്‍ത്താന്‍ സര്‍ക്കിള്‍ എന്ന് പേരിടണമെന്ന് മുസ്‌ലിം വിഭാഗവും ഹനുമാന്‍ സര്‍ക്കിള്‍ എന്ന് പേരിടണമെന്ന് ഹിന്ദു വിഭാഗവും വാദിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.
ടിപ്പു സുല്‍ത്താന്‍ സര്‍ക്കിള്‍ എന്ന് പേരിടാനായി നഗരസഭ പ്രമേയം പാസാക്കിയിരുന്നതായും മുസ് ലിം വിഭാഗം അവകാശപ്പെട്ടു. എന്നാല്‍ ഇത് എതിര്‍ത്ത് കൊണ്ടായിരുന്നു ഹിന്ദുത്വ സംഘടനകള്‍ അടക്കം രംഗത്തെത്തിയത്.
തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴി മാറുകയും കല്ലേറുള്‍പ്പടെയുള്ള ആക്രമണ സംഭവങ്ങള്‍ അരങ്ങേറുകയുമായിരുന്നു. സര്‍ക്കിളില്‍ 30 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം കൂടുതല്‍ വശളായി.
സംഘര്‍ഷത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റതായാണ് വിവരം. തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സംഘര്‍ഷാവസ്ഥ പരിഗണിച്ച് പ്രദേശത്ത് നിലവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
സര്‍ക്കിളിന് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗികമായ രേഖകളോ നഗരസഭാ ഉത്തരവോ ഇല്ലെന്ന് ജില്ലാ കളക്ടര്‍ ശ്രീധര്‍ ചെരുകൂരി വ്യക്തമാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.