ദാമ്പത്യ ബന്ധം ഒരു ചില്ലുകൊട്ടാരം പോലെയാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പൊട്ടിപ്പോകും. നിങ്ങളുടെ ദാമ്പത്യത്തെ ശ്രദ്ധയോടെ കൊണ്ടുപോകാനിതാ ചില നിര്‍ദേശങ്ങള്‍.
1 സ്‌നേഹം പ്രകടിപ്പിക്കുക
പലരുടേയും വിവാഹബന്ധത്തിന്റെ ആദ്യ നാളുകള്‍ ഏറെ സന്തോഷകരമായിരിക്കും. ശാരീരികമായും മാനസികമായും നിങ്ങള്‍ ആനന്ദത്തിന്റെ പരകോടിയിലായിരിക്കും ആ ദിനങ്ങളില്‍. ദിവസം കഴിയുന്തോറും ഇതിന് മാറ്റം വരും. സ്‌നേഹസ്പര്‍ശനങ്ങള്‍ക്കും മധുരസംഭാഷണങ്ങള്‍ക്കും സമയമില്ലാതാകും. ശാരീരിക ബന്ധത്തില്‍ താല്‍പര്യം കുറയും.
അതിനാല്‍ ഉള്ളിലുള്ള സ്‌നേഹവും പ്രണയവും വീണ്ടും പ്രകടിപ്പിക്കാന്‍ തുടങ്ങണം. സാധിക്കുമ്പോഴെല്ലാം ഭര്‍ത്താവിനോട് പണ്ടത്തെപ്പോലെ സംസാരിക്കാനും ഇടപഴകാനും ശ്രമിക്കുക. അത് ഭര്‍ത്താവിലും താല്‍പര്യം ജനിപ്പിക്കും. ജോലിത്തിരക്കിലും, ടെന്‍ഷനിലും ഭാര്യയെ ഒഴിവാക്കുന്നതുപോലെ അവര്‍ക്കും തോന്നും. അത് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.
2 ലൈംഗിക ബന്ധം
പ്രണയം പോലെ തന്നെ ലൈംഗിക ബന്ധത്തിനും ദാമ്പത്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ഭര്‍ത്താവിന്റെ ഇഷ്ടം തിരിച്ചറിയാനും, അവ ചെയ്തു കൊടുക്കാനും ശ്രമിക്കുക. ഒപ്പം സ്വന്തം ഇഷ്ടങ്ങള്‍ ഭര്‍ത്താവിനോട് തുറന്നുപറയാനും, അത് സാധിച്ചു കിട്ടുന്നതിന്റെ സന്തോഷം അനുഭവിക്കാനുമാകണം.
3 ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറയുക
ഏറെ നാളായി ഒരുമിച്ചു കഴിയുന്നതല്ലേ, എന്റെ ഇഷ്ടങ്ങളെല്ലാം അറിയാമായിരിക്കും എന്നു ചിന്തിക്കുന്നവരാണ് അധികം ദമ്പതികളും. എന്നാല്‍ ഇത് ശരിയാവണമെന്നില്ല. ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ തന്റെ ഇഷ്ടങ്ങള്‍ താല്‍പര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് തുറന്നുപറയുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
4 മാന്യമായ വഴക്കുകള്‍
ചട്ടീംകലവുമാകുമ്പോള്‍ തട്ടിയും മുട്ടിയും ഇരിക്കും, പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. അതെ ദാമ്പത്യമാകുമ്പോള്‍ ചില വഴക്കും സൗന്ദര്യപിണക്കവും ഉണ്ടാകും. അത് വലുതാക്കാതെ പരസ്പരം പറഞ്ഞ് തീര്‍ക്കുക. രണ്ടുപേര്‍ക്കും അവരവരുടെ ഭാഗം വിശദീകരിക്കാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം.
5 ക്ഷമിക്കാം, മറക്കാം
തെറ്റുകള്‍ പറ്റാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതി. തെറ്റുപറ്റിയെന്ന് ബോധ്യമായാല്‍ അത് പങ്കാളിയോട് തുറന്നുപറയുക. ഇത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് തടയും. ഒപ്പം നിങ്ങള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
6 ബഹുമാനിക്കുക
പരസ്പരം ബഹുമാനിക്കുകയും നേട്ടങ്ങളില്‍ ഒരുമിച്ച സന്തോഷിക്കുകയും ചെയ്യുക. ഭര്‍ത്താവ് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഭാര്യ അഭിനന്ദിക്കണം. ഭാര്യയ്ക്കാണ് നേട്ടങ്ങളുണ്ടായതെങ്കില്‍ ഭര്‍ത്താവും പ്രശംസിക്കണം. ഇത് നിങ്ങള്‍ക്കിടയിലുള്ള സ്‌നേഹം വര്‍ധിപ്പിക്കും.
