പല്ലിന് പൊന്നുംവില; എടുത്ത് കളയുമ്പോള്‍ അറിയണം ഇക്കാര്യങ്ങള്‍
Health Tips
പല്ലിന് പൊന്നുംവില; എടുത്ത് കളയുമ്പോള്‍ അറിയണം ഇക്കാര്യങ്ങള്‍
ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 10:48 pm

ഒരു പല്ലുവേദന വന്നാല്‍, അല്ലെങ്കില്‍ കേടുപാടു സംഭവിച്ചാല്‍ അത് മുന്‍നിരയിലുള്ളതല്ലെങ്കില്‍ നമ്മള്‍ ഡോക്ടറെ കണ്ട് വേഗം ആ പല്ലെടുത്ത് കളയും.അല്ലെങ്കില്‍ മുമ്പൊക്കെ പല്ലെടുത്ത് കളയലാണ് പതിവ്. വായില്‍ ഒരുപാട് പല്ലുകള്‍ വേറെയും ഉണ്ടല്ലോ എന്ന മനസ്സമാധാനം ആണിതിന് പിന്നില്‍. എന്നാല്‍ നാം നിസാരമായി കണ്ട് പറിച്ചുകളയുന്ന പല്ലുകള്‍ എത്ര വിലപ്പിടിപ്പുള്ളതാണെന്ന് അറിയാമോ? പല്ലിന്റെ അതേ ഗുണത്തിലും ഫലത്തിലും അടുത്ത് വരുന്ന രീതിയില്‍ പകരം ഒരു പല്ലുവെക്കണമെങ്കില്‍ എത്രമാത്രം പണച്ചിലവാണ്. എന്നാല്‍ നമ്മുടെ പല്ലിന്റെ അത്രയും വരുമോ? ചികിത്സിച്ചുമാറ്റാവുന്നവ പരമാവധി ചികിത്സിച്ചുതന്നെ ശരിയാക്കിയെടുക്കുകയാണ് വേണ്ടത്. ഇനി പല്ലെടുക്കണമെങ്കില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ.

ഓരോ പല്ലിനും ഓരോ ഉപയോഗം

വായിലെ ഓരോ പല്ലിനും ഓരോ ഉപയോഗങ്ങളുണ്ട്. എടുത്തുകളഞ്ഞാല്‍ വലിയ കുഴപ്പമില്ലാത്തതും കൃത്രിമ പല്ലുകള്‍ വെക്കേണ്ടതില്ലാത്തതുമായ പല്ലുകള്‍ അണപ്പല്ല് അഥവാ വിസ്ഡം ടീത്ത് മാത്രമാണ്.

മുന്‍വശത്തെ പല്ലുകള്‍ മാത്രം ശ്രദ്ധിക്കുകയും അണപ്പല്ല് ചികിത്സിക്കാതെ എടുത്തുകളയുകയും ചെയ്താല്‍ ഭാവിയില്‍ ഇത് ഈ പല്ലുകള്‍ക്കും ദോഷകരമാണ്. ഭക്ഷണസാധനങ്ങള്‍ സ്വാഭാവികമായും മുന്‍നിരയിലെ പല്ലുകള്‍ കൊണ്ടുമാത്രം കടിച്ചുമുറിക്കുന്ന പ്രവണത സ്ഥിരമാകും. ഇത് ഈ പല്ലുകളുടെ ബലക്ഷയത്തിന് കാരണമാകും.അണപ്പല്ലുകള്‍ ഇല്ലാതെയായാല്‍ താടിയെല്ല് ഉപയോഗിച്ച് കൃത്യമായ അളവില്‍ കടിക്കുവാന്‍ കഴിയാതെയാകും.പിന്നീട് താടിയെല്ലിന്റെ കുഴയ്ക്ക് വേദന വരുന്നത് പതിവാകും. ഇത് ചിലപ്പോള്‍ ചെവി വേദനയിലേക്ക് നയിക്കുന്നതാണ്.

കൃത്രിമ പല്ല് വെക്കുമ്പോള്‍ ശ്രദ്ധിക്കാം

പല്ലെടുത്ത് കളഞ്ഞാല്‍ അവിടെ ഗ്യാപായി ഇടുന്നത് മറ്റ് പല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മോണകളില്‍ വേദനയും അണുബാധയും ഉണ്ടായേക്കാം. കൃത്രിമ പല്ല് വെക്കുന്നതാണ് നല്ലത്. എടുത്ത് കളഞ്ഞ പല്ലുകളുടെ സ്ഥാനത്ത് മുറിവ് ഉണങ്ങിയ ശേഷം വേണം കൃത്രിമ പല്ല് വെക്കാന്‍.

 

മൂന്ന് രീതികളില്‍

എടുത്തുമാറ്റാവുന്ന പല്ലുകള്‍

എടുത്തുമാറ്റാവുന്ന പ്ലേറ്റിലുള്ള പല്ലുകള്‍ വെയ്ക്കാവുന്നതാണ്. ഇത്തരം പല്ലുകള്‍ വെച്ചുപിടിപ്പിച്ചാല്‍ ദിവസവും രണ്ട് നേരമെങ്കിലും എടുത്ത് വൃത്തിയാക്കിയ ശേഷം തിരികെ വയ്ക്കുക.
ഇത്തരം പല്ലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫ്‌ളക്‌സിബിളായ കമ്പിയില്ലാത്ത വിധത്തിലുള്ളവ തെരഞ്ഞെടുത്താല്‍ കൂടുതല്‍ സുഖകരമായിരിക്കും

 

ഉറപ്പിച്ചു വെക്കുന്ന പല്ലുകള്‍

ക്രൗണ്‍+ബ്രിഡ്ജ് ചികിത്സാ രീതിയാണിത്. രണ്ട് വശങ്ങളിലും ഉള്ള പല്ലുകളിലേക്ക് ഉറപ്പിച്ചുവെക്കുന്ന രീതി വളരെ സാധാരണയായി ചെയ്തു വരുന്ന ചികിത്സയാണ്. കാഴ്ച്ചയ്ക്കും ഭക്ഷണം കഴിക്കാനും ഈ രീതിയാണ് ഏറ്റവും ഗുണകരം.

ഇംപ്ലാന്റ്

വേരിനെ തന്നെ മാറ്റിവെക്കുന്ന രീതിയാണിത്. പല്ല് ഇല്ലാത്ത ഭാഗത്ത് ടൈറ്റാനിയം സ്‌ക്രൂ ഇംപ്ലാന്റ് ചെയ്യുന്നു. അതിന് മുകളില്‍ പല്ല് വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഇത് ഏറ്റവും പുതിയ ദന്തല്‍ ചികിത്സാരീതിയാണ്. ഭക്ഷണം കഴിക്കാനും കാണാനുമൊക്കെ സൗകര്യപ്രദവും മനോഹരവുമായ രീതി ഇംപ്ലാന്റ് തന്നെയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്രൗണ്‍+ബ്രിഡ്ജ്,ഇംപ്ലാന്റ് രീതികളില്‍ മികച്ച പദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. തേയ്മാനം ഉണ്ടാകാത്ത സെറാമിക്,സിര്‍കോണ്‍ മെറ്റീരിയലുകളാണ് ഉപയോഗിക്കേണ്ടത്. ഇക്കാര്യങ്ങളഅ# ഡെന്റിസ്റ്റിനോട് ചോദിച്ച് ഉറപ്പുവരുത്തുക.