പെല്ലിശ്ശേരി-മമ്മൂക്ക ചിത്രം ഈ.മ.യൗ, ജെല്ലിക്കട്ട് പോലെയാണോ അതോ ആമേന്‍ പോലെയാണോ; ടിനു പാപ്പച്ചന്റെ മറുപടി
Film News
പെല്ലിശ്ശേരി-മമ്മൂക്ക ചിത്രം ഈ.മ.യൗ, ജെല്ലിക്കട്ട് പോലെയാണോ അതോ ആമേന്‍ പോലെയാണോ; ടിനു പാപ്പച്ചന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th January 2022, 5:35 pm

ഈ വര്‍ഷം പ്രധാനമായും മമ്മൂട്ടിയുടെ നാല് ചിത്രങ്ങളാണ് മലയാളസിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഭീഷ്മപര്‍വം, നന്‍പകല്‍ നേരത്ത് മയക്കം, ബിലാല്‍, സി.ബി.ഐ 5 എന്നിവയാണ് ആ നാല് ചിത്രങ്ങള്‍. ഇതില്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്നതാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ തന്നെയാണ് പ്രധാനകാരണം.

നന്‍പകല്‍ നേരത്ത് മയക്കം ഒരു ഗംഭീരസിനിമയായിരിക്കുമെന്ന് പറയുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ സംവിധായകന്‍ ടിനു പാപ്പച്ചന്‍. സസ്‌പെന്‍സ് പറയാന്‍ പാടില്ല അടിപൊളി പടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്.എമ്മിനോടായിരുന്നു പ്രതികരണം.

പെല്ലിശ്ശേരി-മമ്മൂക്ക ചിത്രം ഈ.മ.യൗ, ജെല്ലിക്കട്ട് പോലെയാണോ അതോ ആമേന്‍ പോലെയാണോ അതോ സിറ്റി ഓഫ് ഗോഡ് പോലെയാണോ.. ഏത് ടൈപ്പാണ് പടം എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘അത് തന്നെയാണ് സസ്‌പെന്‍സ്, പറയാന്‍ പാടില്ല, അടിപൊളി പടമായിരിക്കും, ഗംഭീര സിനിമയായിരിക്കും. നന്‍പകല്‍ നേരത്തിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞതാണ്. തമിഴ്‌നാട്ടില്‍ നടക്കുന്ന കഥയാണ്. അതുകൊണ്ടാണ് തമിഴ് പേര് നല്‍കിയിരിക്കുന്നത്,’ ടിനു പറഞ്ഞു.

സി.ബി.ഐ സെറ്റിലെത്തി മമ്മൂട്ടിയെ കണ്ട കാര്യവും ടിനു പറഞ്ഞു. ഇറങ്ങിയതിന്റെ ഒരു സന്താഷത്തിലാണ് സി.ബി.ഐ സെറ്റില്‍ പോയത്. കഥ പറയാനല്ല. മമ്മൂട്ടി സാറായിരുന്നു അജഗജാന്തരത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.

പിന്നെ സി.ബി.ഐയിലെ ലുക്ക് എങ്ങനെയാണെന്ന് എനിക്ക് അറിയണമായിരുന്നു. എന്നാല്‍ ആ ലുക്കിനെ പറ്റി എനിക്ക് പറയാനാവില്ല. അത് സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്,’ ടിനു കൂട്ടിച്ചേര്‍ത്തു.

പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

മമ്മൂട്ടി കമ്പനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.

പുഴു, ഭീഷ്മ പര്‍വ്വം, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം, നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: tinu pappachan about nanpakal nerath mayakkam