ജയലളിതയുടെ കാലത്തെ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് വ്യതിചലിക്കരുത്; പാര്‍ട്ടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി എ.ഐ.എ.ഡി.എം.കെ
national news
ജയലളിതയുടെ കാലത്തെ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് വ്യതിചലിക്കരുത്; പാര്‍ട്ടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി എ.ഐ.എ.ഡി.എം.കെ
ന്യൂസ് ഡെസ്‌ക്
Sunday, 16th August 2020, 9:10 am

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ എ.ഐ.എ.ഡി.എം.കെയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ഇ.പി.എസ്, ഒ.പി.എസ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സംയുക്ത പ്രസ്താവനയിറക്കി നേതൃത്വം.

ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പാര്‍ട്ടിയുടെ സമ്മതമില്ലാതെ എ.ഐ.ഡി.എം.കെയിലെ ആഭ്യന്തര വിഷയങ്ങള്‍ പരസ്യമായി മാധ്യമങ്ങളിലോ മറ്റ് വേദികളിലോ വിളിച്ചുപറഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കരുതെന്നും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനത്തെ എല്ലാവരും അഭിനന്ദിക്കുന്ന തരത്തിലായിരിക്കണം പ്രവര്‍ത്തനമെന്നും പ്രസ്താവനയില്‍ പറയുന്നു.

ജയലളിതയുടെ കാലത്ത് എങ്ങനെയാണോ പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത് ആ രീതി തന്നെ പിന്തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, അടിസ്ഥാനമില്ലാതെ പാര്‍ട്ടിയിലെ ചിലര്‍ നടത്തിയ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി. അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, നിങ്ങളുടെ അഭിപ്രായങ്ങളില്‍ ‘സൈനിക ശൈലി’ നിയന്ത്രണം ചെലുത്താനും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,”പ്രസ്താവനയില്‍ പറയുന്നു.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നിലവിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ പോര് തുടങ്ങിയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നതിനെ ചൊല്ലിയാണ് ഇ.പി.എസ്, ഒ.പി.എസ് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി പാര്‍ട്ടി രംഗത്തുവന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

CONTENT HIGH LIGHTS:  Time To Work Together’: AIADMK’s EPS & OPS Issue Joint Statement