കര്‍ഷക സ്ത്രീ പോരാളികള്‍ ടൈം മാഗസിന്റെ കവറില്‍; അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി കര്‍ഷക സമരം
national news
കര്‍ഷക സ്ത്രീ പോരാളികള്‍ ടൈം മാഗസിന്റെ കവറില്‍; അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി കര്‍ഷക സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 12:42 pm

ന്യൂദല്‍ഹി: ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളുടെ ചിത്രം കവര്‍ഫോട്ടോയാക്കി ടൈം മാഗസിന്‍. മൂന്ന് മാസത്തിലധികമായി കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സമരം ചെയ്യുകയാണ്.

ടൈം മാഗസിന്റെ അന്താരാഷ്ട്ര എഡിഷനില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകള്‍ ഇടംപിടിച്ചതോടെ ഒരിക്കല്‍ കൂടി ഇന്ത്യയിലെ കര്‍ഷകരുടെ സമരം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയാണ്.

കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്. ‘On the Front lines of Indias farmer protests’ എന്ന തലക്കേട്ടിലാണ് ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കര്‍ഷക സമരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിശദമായ ലേഖനവും ടൈം മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ തന്നെ ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, സാമൂഹിക പ്രവര്‍ത്തക മീന ഹാരിസ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ച് ആരും സംസാരിക്കാത്തത് എന്ന് റിഹാന പറഞ്ഞതിന് പിന്നാലെ അവര്‍ക്ക് സംഘപരിവാറില്‍ നിന്നും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.ഇന്ത്യാഗേറ്റിന് സമീപത്തുള്ള പ്രദേശം കര്‍ഷകര്‍ ഉഴുതുമറിച്ച് കൃഷിയിറക്കുമെന്നും വിളവെടുക്കുമെന്നും ടികായത് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: TIME magazine dedicates its cover to women leading India’s farmer protests