ന്യൂദല്‍ഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്ന ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.
മോഹന്‍ ഭഗവതും ബി.ജെ.പിയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും പൗരന്മാരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ റാഷിദ് ആല്‍വിയും വി.ഹനുമന്ത റാവുവും പറഞ്ഞു.
‘മോഹന്‍ ഭഗവതും പ്രധാനമന്ത്രിയും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അവര്‍ പറയുന്നത് പ്രാവര്‍ത്തികമാവുന്നുണ്ടോയെന്നത് ഇരുവര്‍ക്കും പ്രശ്‌നമല്ല. അങ്ങനെ ഉണ്ടെങ്കില്‍ അദ്ദേഹം എന്ത് കൊണ്ടാണ് ദക്ഷിണേന്ത്യയില്‍ നിര്‍ബന്ധിതമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്താന്‍ ബി.ജെ.പിയോട് ആവശ്യപ്പപെടാത്തത്. ഇത് പ്രശ്‌നങ്ങള്‍ ഉടലെടുക്കാനും അവിടുത്തുകാര്‍ ഹിന്ദിയെ വെറുക്കാനും മാത്രമേ കാരണമാവുന്നുളളു,’
കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു.
ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി മാറ്റാനും മഹാത്മഗാന്ധിയുടെ പൈതൃകം ഇല്ലാതാക്കുന്നതിനുമാണ് ആര്‍.എസ്.എസ് മേധാവി ശ്രമിക്കുന്നതെന്ന് വി. ഹനുമന്ത റാവു പറഞ്ഞു. ഇത് മനസിലാക്കി രാജ്യത്തെ ജനങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഇന്ത്യ ഒരു മതേതര രാജ്യമാണ് ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്നു പോലും ഗാന്ധിയുടെ പേര് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു. ഇതിനെതിരെയെല്ലാം ജനങ്ങള്‍ പോരാടണം,’ റാവു പറഞ്ഞു.
സനാതന ധര്‍മ്മത്തിന്റെ പുനരുജ്ജീവനം ദൈവഹിതമാണെന്നും ആ പുനരുദ്ധരാണത്തിന് ഹിന്ദു രാഷ്ട്രത്തിന്റെ ഉയര്‍ച്ച അനിവാര്യമാണെന്നും യോഗി അരവിന്ദ് പ്രഖ്യാപിച്ചിരുന്നുവെന്നും അതിനുള്ള സമയമായെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നുമായിരുന്നു ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
‘ 100 വര്‍ഷം മുമ്പ് സനാതന ധര്‍മ്മം ദൈവഹിതമാണെന്നും ഹിന്ദുരാഷ്ട്രത്തിന്റെ ഉയര്‍ച്ച സനാതന ധര്‍മ്മത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടിയുള്ളതാണെന്നും യോഗി അരവിന്ദ് പ്രഖ്യാപിച്ച ആ സമയം വന്നിരിക്കുന്നു. ഭാരതം, ഹിന്ദുരാഷ്ട്രം, സസനാതനധര്‍മ്മം എന്നിവ പര്യായ പദങ്ങളാണ്,’ ഭഗവത് പറഞ്ഞു.
ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുളള ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക, ലോകമെമ്പാടും മതപരമായ ജീവിതം നയിക്കുന്ന ഒരുസമൂഹത്തിന്റെ മാതൃത സൃഷ്ടിക്കുക. ഭഗവത് പറഞ്ഞു. ഹൈദരാബാദില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Time has come to make India a Hindu Rashtra; Congress against Mohan Bhagwat’s statement
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.