കോഹ്‌ലിയും സ്മിത്തുമല്ല; ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരില്‍ സച്ചിന്റെ റെക്കോഡിനൊപ്പം ടിം സൗത്തി
Cricket
കോഹ്‌ലിയും സ്മിത്തുമല്ല; ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരില്‍ സച്ചിന്റെ റെക്കോഡിനൊപ്പം ടിം സൗത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th August 2019, 5:19 pm

ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടികയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പം ന്യൂസിലാന്റ് പേസര്‍ ടിം സൗത്തി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിവസമായിരുന്നു സൗത്തി സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയത്.

19 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായ സൗത്തി, അഖില ധനഞ്ജയയെ സിക്‌സ് പറത്തിയാണ് റെക്കോഡിനൊപ്പമെത്തിയത്. ടെസ്റ്റില്‍ 69 വീതം സിക്‌സാണ് സച്ചിനും സൗത്തിയും നേടിയിട്ടുള്ളത്.

329 ഇന്നിംഗ്‌സില്‍ നിന്നാണ് സച്ചിന്‍ 69 സിക്‌സ് നേടിയതെങ്കില്‍ സൗത്തിയ്ക്ക് ഈ നേട്ടത്തിലെത്താന്‍ വെറും 89 ഇന്നിംഗ്‌സേ വേണ്ടിവന്നുള്ളൂ.

ഒരു സിക്‌സ് കൂടി നേടിയാല്‍ സൗത്തിയ്ക്ക് പാകിസ്താന്‍ മുന്‍താരം യൂനിസ് ഖാന്റെ 70 സിക്‌സ് എന്ന നേട്ടത്തിനൊപ്പമെത്താനാകും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടികയില്‍ നിലവില്‍ 17-ാമതാണ് സൗത്തിയും സച്ചിനും.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയവരുടെ പട്ടിക കാണാം

പട്ടികയില്‍ ഒന്നാമത് ന്യൂസിലാന്റ് മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ്. 176 ഇന്നിംഗ്‌സില്‍ നിന്ന് 107 സിക്‌സാണ് മക്കല്ലം നേടിയത്. ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റാണ് ടെസ്റ്റ് സിക്‌സുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പിന്നിട്ട മറ്റൊരു താരം. 137 ഇന്നിംഗ്‌സില്‍ നിന്ന് 100 സിക്‌സാണ് ഗില്‍ക്രിസ്റ്റ് നേടിയത്.

98 സിക്‌സ് നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, 97 സിക്‌സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസ് 91 സിക്‌സ് നേടിയ ഇന്ത്യയുടെ വിരേന്ദര്‍ സെവാഗ് എന്നിവരാണ് ആദ്യ പട്ടികയിലുള്ളത്.

നിലവില്‍ ടെസ്റ്റ് കളിക്കുന്നവരില്‍ സൗത്തിയ്ക്ക് മുന്നില്‍ ആരുമില്ല എന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയുടെ ഏഞ്ചലോ മാത്യൂസ് 56 സിക്‌സുമായി 27-ാം സ്ഥാനത്തും ആസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ 55 സിക്‌സുമായി 29-ാം സ്ഥാനത്തുമാണ്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് 38 ഉം ഇന്ത്യയുടെ വിരാട് കോഹ്‌ലിയ്ക്ക് 19 ഉം ന്യൂസിലാന്റിന്റെ കെയ്ന്‍ വില്യംസണിന് 14 ഉം സിക്‌സാണുള്ളത്.

WATCH THIS VIDEO: