എല്ലാത്തിനും നന്ദി, ഒന്നും ഒരിക്കലും മറക്കാനാകില്ല; പടിയിറങ്ങവെ ടീമിന് നന്ദിയറിയിച്ച് തിലക് വര്‍മ
Sports News
എല്ലാത്തിനും നന്ദി, ഒന്നും ഒരിക്കലും മറക്കാനാകില്ല; പടിയിറങ്ങവെ ടീമിന് നന്ദിയറിയിച്ച് തിലക് വര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th August 2025, 9:17 pm

കുറച്ചുകാലത്തേക്കുള്ള കരാര്‍ അവസാനിപ്പിച്ച് കൗണ്ടിയില്‍ നിന്നും പടിയിറങ്ങവെ തന്റെ ടീമായ ഹാംഷെയറിന് നന്ദിയറിയിച്ച് തിലക് വര്‍മ. ചെറുപ്പം മുതല്‍ തന്നെ കൗണ്ടി ക്രിക്കറ്റ് കളിക്കണമെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും എല്ലാത്തിനും ഹാംഷെയറിന് നന്ദി പറയുന്നുവെന്നും തിലക് വര്‍മ പറഞ്ഞു.

‘ചെറുപ്പം മുതല്‍ക്കുതന്നെ കൗണ്ടി കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ഈ വര്‍ഷം ഹാംഷെയറിനൊപ്പം ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഈ മണ്ണിലെ ആദ്യ റെഡ് ബോള്‍ മത്സരവും ഏകദിനങ്ങളും കളിച്ച ഞാന്‍ ജീവിതത്തിലുടനീളം പാലിക്കേണ്ട പാഠങ്ങളും ഇവിടെ നിന്നും പഠിച്ചു. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലും.

എന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരുപാട് നല്ല ഓര്‍മകള്‍ക്കും, എല്ലാത്തിനും നന്ദി ഹാംഷെയര്‍,’ തിലക് വര്‍മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എസക്‌സിനെതിരെ കളത്തിലിറങ്ങിക്കൊണ്ടാണ് തിലക് തന്റെ കൗണ്ടി അരങ്ങേറ്റം ഗംഭീരമാക്കിയത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയുമായാണ് തിലക് തിളങ്ങിയത്. എസക്‌സിനെതിരെ മാത്രമല്ല നോട്ടിങ്ഹാംഷെയറിനെതിരായ മത്സരത്തിലും തിലക് സെഞ്ച്വറിയുമായി തിളങ്ങി.

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയെങ്കിലും വണ്‍ ഡേ കപ്പില്‍ താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. ഒരു അര്‍ധ സെഞ്ച്വറിയടക്കം മൂന്ന് ഇന്നിങ്‌സില്‍ നിന്നും 54 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. ഇതില്‍ അരങ്ങേറ്റ മത്സരമടക്കം രണ്ട് മത്സരങ്ങളിലും താരം പൂജ്യത്തിനാണ് പുറത്തായത്.

ആകെ ഹാംഷെയറിനായി ഏഴ് മത്സരത്തില്‍ കളത്തിലിറങ്ങിയ താരം രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം 412 റണ്‍സ് നേടി. ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

തിലക് വര്‍മയക്ക് ഹാംഷെയറും ആശംസകളര്‍പ്പിച്ചിരുന്നു.

‘ഏഴ് മത്സരങ്ങള്‍, 412 റണ്‍സ്, രണ്ട് സെഞ്ച്വറികള്‍, എണ്ണിയാലൊടുങ്ങാത്ത ഓര്‍മകള്‍…

ഞങ്ങള്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് തിലക് വര്‍മ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. ആദ്യ റെഡ് ബോള്‍ സെഞ്ച്വറി മുതല്‍ ഹാംഷെയര്‍ ജെഴ്‌സിയിലെ ഓരോ മത്സരങ്ങളിലും ക്രിക്കറ്റിലെ മികച്ച ടാലന്റുകളിലൊരാളാണ് താനെന്ന് അവന്‍ തെളിയിച്ചുകൊണ്ടിരുന്നു.

കളിക്കളത്തിലെ കണക്കുകളേക്കാള്‍ അവന്റെ പെരുമാറ്റമാണ് എല്ലാവരിലും മതിപ്പുളവാക്കിയത്. അവന്‍ ഇരുകൈകളും നീട്ടി ഹാംഷെയര്‍ ക്രിക്കറ്റിനെ ആശ്ലേഷിക്കുകയായിരുന്നു.

നിന്നിലെ മാജിക്കിന് നന്ദി തിലക്. ഒരിക്കല്‍ ഹാംഷെയറിന്റെ ഭാഗമായിരുന്നവര്‍ എക്കാലവും ഈ കുടുംബത്തിന്റെ ഭാഗം തന്നെയായിരിക്കും,’ ഹാംഷെയര്‍ തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുറിച്ചു.

അതേസമയം, ഏഷ്യാ കപ്പാണ് ഇനി തിലക് വര്‍മയ്ക്ക് മുമ്പിലുള്ള അടുത്ത അസൈന്‍മെന്റ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള സ്‌ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിലക് ടീമിന്റെ ഭാഗമാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Tilak Varma thanks his county team Hampshire