ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി-20 ലോകകപ്പിന് ഇനി ഒരു മാസത്തിന്റെ മാത്രം കാത്തിരിപ്പ്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിന്റെ പത്താം എഡിഷന് തുടക്കം കുറിക്കുന്നത്.
2024ല്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താനുറച്ചാണ് ഇന്ത്യ ഇത്തവണ കളത്തിലിറങ്ങുന്നത്. കിരീടം നിലനിര്‍ത്തുന്ന ചരിത്രത്തിലെ ആദ്യ ടീം എന്ന റെക്കോഡ് തന്നെയാണ് സ്‌കൈയും സംഘവും ലക്ഷ്യമിടുന്നത്.
ടി-20 സെഞ്ചൂറിയന്‍മാരുടെ നിര തന്നെ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ട്. നാല് സെഞ്ച്വറിയിടിച്ച ക്യാപ്റ്റനും ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് സെഞ്ച്വറിയടിച്ച സഞ്ജു സാംസണും രണ്ട് വീതം സെഞ്ച്വറി നേടിയ തിലക് വര്‍മയും അഭിഷേക് ശര്‍മയുമാണ് ടീമിന്റെ കരുത്ത്. ഇവര്‍ക്കൊപ്പം എന്തിനും പോന്ന ഹര്‍ദിക് പാണ്ഡ്യയുമെത്തുമ്പോള്‍ ടീം ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് തിലക് വര്‍മ തന്റെ രണ്ട് സെഞ്ച്വറിയുമടിച്ചത്. സെഞ്ചൂറിയനില്‍ പുറത്താകാതെ 107 റണ്‍സ് നേടിയ താരം ജോഹനാസ്‌ബെര്‍ഗില്‍ പുറത്താകാതെ 120 റണ്‍സും നേടി. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ജോഹനാസ്‌ബെര്‍ഗില്‍ പിറന്നത്.
സഞ്ജു സാംസണൊപ്പം 210 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് തിലക് അന്ന് കൊടുങ്കാറ്റഴിച്ചുവിട്ടത്. 47 പന്തിലാണ് താരം പുറത്താകാതെ 120 റണ്‍സടിച്ചത്. സ്‌ട്രൈക് റേറ്റ് 255.32. ഒമ്പത് ഫോറും ആകാശം തൊട്ട പത്ത് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
തിലക് വര്‍മ. Photo: BCCI/x.com
ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവുമായി സഞ്ജു സാംസണ്‍ തിളങ്ങിയ മത്സരത്തിലായിരുന്നു തിലകിന്റെ വിളയാട്ടം. സഞ്ജുവിന്റെ ഈ ചരിത്ര നേട്ടത്തെ പോലും മറികടക്കുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്. മത്സരത്തില്‍ സഞ്ജു 56 പന്തില്‍ ഒമ്പത് സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 109 റണ്‍സ് നേടി.
ഇരുവരുടെയും കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ വെറും 148 റണ്‍സിന് പുറത്തായി.
ഇന്ത്യ 135 റണ്‍സിന് വിജയമാഘോഷിച്ച മത്സരത്തില്‍ തിലക് വര്‍മയായിരുന്നു കളിയിലെ താരം. നാല് മത്സരങ്ങളുടെ പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ടതും തിലക് തന്നെയായിരുന്നു.
Content Highlight: Tilak Varma’s brilliant century against South Africa in 2024