ഇന്ത്യയ്ക്ക് തിരിച്ചടി! കിവികളെ നേരിടാന്‍ തിലകില്ല
Cricket
ഇന്ത്യയ്ക്ക് തിരിച്ചടി! കിവികളെ നേരിടാന്‍ തിലകില്ല
ഫസീഹ പി.സി.
Thursday, 8th January 2026, 9:55 pm

വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ് തിലക് വര്‍മ ന്യൂസിലാന്‍ഡിന് എതിരെയുള്ള ആദ്യ മത്സരങ്ങളില്‍ കളിക്കില്ല. താരത്തെ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നാണ് ഒഴിവാക്കിയത്. താരത്തിന്റെ പുരോഗതി അനുസരിച്ചായിരിക്കും ബാക്കി രണ്ട് മത്സരങ്ങളില്‍ കളിക്കുമെന്ന് കാര്യത്തില്‍ വ്യക്തത വരിക.

വയറുവേദന കാരണം ശസ്ത്രക്രിയക്ക് വിധേയനായ തിലക് ആശുപത്രി വിട്ടെന്നും താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. താരം വെള്ളിയാഴ്ച ഹൈദരാബാദിലേക്ക് മടങ്ങും. മുറിവുണങ്ങിയതിന് ശേഷം താരം പരിശീലനം ആരംഭിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനായി കളിക്കവെയാണ് തിലകിന് വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് സ്‌കാനിങ്ങില്‍ ടെസ്റ്റികുലാര്‍ ടോര്‍ഷന്‍ ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

തിലകിന്റെ പരിക്ക് വിവരം പുറത്ത് വന്ന ഉടനെ തന്നെ താരത്തിന് ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പര നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണിപ്പോള്‍ ബി.സി.സി.ഐ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഉറപ്പായെങ്കിലും എന്ന കാലത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുമെന്നതില്‍ വ്യക്തതയില്ല.

തിലക് ഇന്ത്യന്‍ ടീമിന് പുറത്തായെങ്കിലും പകരക്കാരനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ജനുവരി 21 മുതലാണ് ന്യൂസിലാന്‍ഡിന് എതിരെയുള്ള ടി – 20 പരമ്പര തുടങ്ങുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ജനുവരി 21, 23, 25 തീയതികളിലെ മത്സരങ്ങളാണ് തിലകിന് നഷ്ടമാവുക.

തിലക് വര്‍മ. Photo: MuFFatLal Bohra/x.com

അവസാന രണ്ട് മത്സരങ്ങളില്‍ തിലക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരി 28, 31 തീയതികളിയാണ് ഈ മത്സരങ്ങള്‍. അതിന് മുമ്പ് താരത്തിന് പരിക്കില്‍ നിന്ന് മുക്തനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാവും.

ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ടി – 20 ലോകകപ്പിനുള്ള ടീമിലും തിലക് ഇടം പിടിച്ചിട്ടുണ്ട്. പരിക്ക് മാറി താരം ടീമില്‍ എത്തിയില്ലെങ്കില്‍ കിരീടം നിലനിര്‍ത്താന്‍ ഉറച്ച് മെന്‍ ഇന്‍ ബ്ലൂ ഇറങ്ങുമ്പോള്‍ നാലാം നമ്പറില്‍ പുതിയൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടി വരും.

Content Highlight: Tilak Varma ruled out of first three T20I match against New Zealand

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി