ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; തിലകിന് പുറമെ മറ്റൊരു സൂപ്പര്‍ താരത്തിനും പരിക്ക്?
Cricket
ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; തിലകിന് പുറമെ മറ്റൊരു സൂപ്പര്‍ താരത്തിനും പരിക്ക്?
ഫസീഹ പി.സി.
Saturday, 10th January 2026, 8:39 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള പരമ്പരയ്ക്ക് നാളെ (ജനുവരി 11) തുടക്കമാവുകയാണ്. ഏകദിന മത്സരങ്ങളോടെയാണ് ഈ പരമ്പരയ്ക്ക് അരങ്ങുണരുന്നത്. ഇപ്പോള്‍ ആദ്യ ഏകദിന മത്സരത്തിന് മുമ്പ് ഇന്ത്യ വീണ്ടും പരിക്ക് ഭീഷണിയിലാണ്.

സൂപ്പര്‍ താരം റിഷബ് പന്തിനാണ് പരിക്കേറ്റത്. ഒന്നാം ഏകദിനത്തിന് മുന്നോടിയായി നടന്ന നെറ്റ് സെഷനിലാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. പരിശീലനത്തിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ അരക്ക് തൊട്ട് മുകളിലായി പന്ത് കൊള്ളുകയായിരുന്നു. പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ട താരം ഫീല്‍ഡില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു.

റിഷബ് പന്ത്. Photo: RP17 Gang™/x.com

ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം പന്തിനെ പരിശോധിച്ചു. കോച്ച് ഗൗതം ഗംഭീര്‍ അടക്കമുള്ളവരും താരത്തിന് അടുത്തെത്തി. പിന്നാലെയാണ് താരം ഫീല്‍ഡ് വിട്ടത്.

താരം ഫീല്‍ഡ് വിട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മന്‍ അജിത് അഗാര്‍ക്കറുമായി ദീര്‍ഘ നേരം ചര്‍ച്ച നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിലക് വര്‍മ. Photo: x.com

കിവികള്‍ക്ക് എതിരെയുള്ള പരമ്പരക്ക് മുമ്പേ ഇന്ത്യയുടെ രണ്ടാമത്തെ പരിക്കാണിത്. നേരത്തെ, ഇന്ത്യന്‍ ടി – 20 ടീമിന്റെ ഭാഗമായ തിലക് വര്‍മ പരിക്കേറ്റ് പുറത്തായിരുന്നു. വിജയ് ഹസാരെയ്ക്കിടെ വയറുവേദന കാരണം ശസ്ത്രക്രിയക്ക് വിധേയമായ താരം ബ്ലാക്ക് ക്യാപ്സിനെതിരെയുള്ള ആദ്യ മൂന്ന് ടി – 20 മത്സരങ്ങളില്‍ കളിക്കില്ല.

അതേസമയം, നാളെ വഡോദരയിലാണ് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഒന്നാം ഏകദിനം അരങ്ങേറുന്നത്. ജനുവരി 14, 18 എന്നീ തീയതികളിലും ഇരുടീമുകളും 50 ഓവര്‍ ക്രിക്കറ്റില്‍ ഏറ്റുമുട്ടും. യഥാക്രമം രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് മത്സരത്തിന്റെ വേദി.

Content Highlight: After Tilak Varma, Rishabh Pant suffers Injury scare ahead of India vs New Zealand ODI series

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി