2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ കിവീസിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും കിരീടമണിഞ്ഞത്.
ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 159 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും സ്വന്തം നാട്ടില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആറാമനായി ഇറങ്ങിയ തിലക് വര്‍മ ആറ് പന്തില്‍ എട്ട് റണ്‍സായിരുന്നു നേടിയത്. എന്നിരുന്നാലും ടൂര്‍ണമെന്റില്‍ നിര്‍ണായക ഘട്ടത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ താരം ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 29.57 എന്ന ബാറ്റിങ് ആവറേജില്‍ 207 റണ്‍സാണ് സ്വന്തമാക്കിയത്. 44* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന് ടൂര്‍ണമെന്റില്‍ നിന്ന് നേടാന്‍ സാധിച്ചു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഒരു ടി-20 ലോകകപ്പ് എഡിഷനില്‍ ഒരു ഹാഫ് സെഞ്ച്വറി പോലും നേടാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് തിലക് നേടിയത്. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസും താരത്തിനൊപ്പമുണ്ട്.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ ഇടിവെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. നാല് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. നാല് ഓവറില്‍ വെറും 15 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ വിക്കറ്റ് വേട്ട. മത്സരത്തിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചു.
ബുംറയ്ക്ക് പുറമെ അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 52 റണ്‍സ് നേടിയ ടിം സീഫേര്‍ട്ടും 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറുമാണ് ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത്.
Content Highlight: Tilak Varma In Great Record Achievement In T20 World Cup