112 സെഞ്ച്വറികള്‍ പിറന്ന ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി; ഐതിഹാസിക നേട്ടത്തില്‍ തിലക്
Cricket
112 സെഞ്ച്വറികള്‍ പിറന്ന ഐ.പി.എല്ലിലെ നാലാം സെഞ്ച്വറി; ഐതിഹാസിക നേട്ടത്തില്‍ തിലക്
Sudev A
Monday, 20th April 2026, 10:49 pm

ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി നേടി മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 45 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് തിലക് തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് പടുകൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് തിലകിന്റെ ഇന്നിങ്‌സ്.

ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് തിലക് ഗുജറാത്തിനെതിരെ അടിച്ചെടുത്തത്. ഈ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 112 സെഞ്ച്വറികള്‍ പിറന്ന ഐ.പി.എല്ലില്‍ ഇത്തരത്തിലൊരു സെഞ്ച്വറി ഇത് നാലാം തവണയാണ് പിറവിയെടുത്തത്.

ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ അഞ്ചാം നമ്പറിലോ അതിന് താഴെ സ്ഥാനങ്ങളിലോ ബാറ്റ് ചെയ്ത് സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായും തിലക് മാറി. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ യുസഫ് പത്താനാണ് ഈ സ്ഥാനത്തിറങ്ങി ആദ്യം സെഞ്ച്വറി നേടിയത്. പിനീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡേവിഡ് മില്ലര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും 2017ല്‍ ബെന്‍ സ്റ്റോക്‌സ് ഗുജറാത്ത് ലയണ്‍സിനെതിരെയും ഇത്തരത്തില്‍ സെഞ്ച്വറി നേടി. ഇപ്പോള്‍ നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു സെഞ്ച്വറി കൂടി നേടി തിലകും ഈ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് തിലകിന്റെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് ഗുജറാത്തിന് മുന്നില്‍ ഉയര്‍ത്തിയത്. തിലകിന് പുറമെ നമന്‍ ധീര്‍ 45 റണ്‍സും നേടി മുംബൈക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ 15 റണ്‍സ് വീതവും നേടി.

ഗുജറാത്ത് ബൗളിങ്ങില്‍ കാഗിസോ റബാദ മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

ഡാനിഷ് മാലേവാര്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ഷെര്‍ഫാനെ റൂഥര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്നര്‍, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, അല്ലാഹ് ഗസന്‍ഫര്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍) വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് സിറാജ്, കാഗിസോ റബാദ, പ്രസിദ്ധ് കൃഷ്ണ, അശോക് ശര്‍മ.

Content Highlight: Tilak Varma create a historical record in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.