ടിക് ടോക് യു.എസ് നിയന്ത്രണത്തിലേക്ക്? യു.എസ് ചൈനീസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്
World
ടിക് ടോക് യു.എസ് നിയന്ത്രണത്തിലേക്ക്? യു.എസ് ചൈനീസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 10:44 pm

വാഷിങ്ടണ്: ചൈന ആസ്ഥാനമായുള്ള ഇന്റര്നെറ്റ് കമ്പനിയായ ബൈറ്റ്ഡാന്സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ ഉപയോഗം അമേരിക്കക്കാര്ക്ക് തുടരാമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. സ്പെയിനില് അമേരിക്കയും ചൈനയും തമ്മില് നടന്ന വ്യാപാര ചര്ച്ചകള്ക്കുശേഷമാണ് പരാമര്ശം.

വീഡിയോ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചൈനയുമായി ഒരു ഫ്രെയിം വര്ക്ക് കരാറില് എത്തിയതിനാല് അമേരിക്കക്കാര്ക്ക് ടിക് ടോക്ക് ഉപയോഗിക്കാമെന്ന് സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

കരാറിന് അന്തിമരൂപം നല്കുന്നതിനായി ട്രംപും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്പിങ്ങും വെള്ളിയാഴ്ച സംസാരിക്കുന്നുണ്ടെന്ന് മാഡ്രിഡില് നടന്ന പത്രസമ്മേളനത്തില് ബെസെന്റ് പറഞ്ഞു.

ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യു.എസ് നിയന്ത്രണത്തിലേക്ക് മാറ്റുക എന്നതാണ് ഫ്രെയിംവര്ക്ക് ഇടപാടിന്റെ ലക്ഷ്യമെന്നും ബെസെന്റ് കൂട്ടിച്ചേര്ത്തു.

ബെസെന്റിന്റെ പരാമര്ശങ്ങള് ചൈനീസ് ഉദ്യോഗസ്ഥര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും പത്രസമ്മേളനത്തില് നിന്നും വിട്ടുനിന്നതായും എ.പി റിപ്പോര്ട്ട് ചെയ്തു.

രാജ്യത്തെ യുവാക്കള് സംരക്ഷിക്കാന് ആഗ്രഹിച്ച ഒരു പ്രത്യേക കമ്പനിയുമായി ഒരു കരാറില് എത്തിയിരിക്കുന്നുവെന്നും അവര് വളരെ സന്തുഷ്ടരായിരിക്കുമെന്നും കമ്പനിയുടെ പേരെടുത്തു പറയാതെ യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പറഞ്ഞു.

ടിക് ടോക്ക് പോലുള്ള സോഷ്യല് മീഡിയകളെ ആശ്രയിച്ചായിരുന്നു 2024 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. അതിനാല് ജനുവരി 20 ന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ സത്യപ്രതിജ്ഞക്ക് മുമ്പ് രാജ്യസുരക്ഷ കാരണത്താല് ടിക് ടോക്കിന്റെ നിരോധനം താല്ക്കാലികമായി റദ്ദാക്കുകയായിരുന്നു.

നിരോധനത്തെ ആദ്യം പിന്തുണച്ചിരുന്നെങ്കിലും, നവംബറിലെ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പിന്തുണ നേടാൻ ടിക് ടോക്ക് സഹായിച്ചുവെന്നതിനെത്തുടർന്നാണ് അദ്ദേഹം തന്റെ നിലപാട് മാറ്റിയത്.

Content Highlight: TikTok to be regulated by the US Report: US-Chinese representatives to meet