ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ നടപടി വരും; ബി.ജെ.പിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ടീക്കാറാം മീണ
D' Election 2019
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ നടപടി വരും; ബി.ജെ.പിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ടീക്കാറാം മീണ
ന്യൂസ് ഡെസ്‌ക്
Saturday, 13th April 2019, 12:37 pm

കൊച്ചി: ശബരിമല തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കരുതെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.

ദൈവത്തിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കരുതെന്നാണ് പെരുമാറ്റച്ചട്ടമെന്നും അക്കാര്യം വീണ്ടും ആവര്‍ത്തിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ടീക്കറാം മീണ പറഞ്ഞു.

പെരുമാറ്റച്ചട്ടം അനുസരിച്ച് മാത്രമേ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തക്കാനാവൂ. അതിന് വിരുദ്ധമായിട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മീണ പറഞ്ഞു.

ശബരിമല വിഷയം പ്രചരണത്തില്‍ സജീവമാക്കാന്‍ ബി.ജെ.പിയില്‍ ധാരണയായതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം പ്രചരണ ആയുധമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം അവഗണിക്കാനായിരുന്നു ബി.ജെ.പി തീരുമാനിച്ചത്. ശബരിമലയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കുന്നത് തടയാന്‍ ആരാണ് വരുന്നതെന്ന് നോക്കാമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

നേരത്തെ അയ്യപ്പന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടര്‍ ടി.വിയുടെ അനുപമയുടെ നടപടിയെ ടീക്കറാം മീണ ശരിവെച്ചിരുന്നു. സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘വിഷയവും ദൈവവും വ്യത്യസ്തമാണ്. യുവതീ പ്രവേശനം എന്ന വിഷയം ഉന്നയിക്കാതെ ദൈവത്തെ വലിച്ചിഴക്കുന്നതാണ് പ്രശ്‌നം. സാമുദായിക സൗഹാര്‍ദ്ദത്തിന് ഭംഗം വരുത്തുന്ന പ്രസംഗം നടത്താന്‍ പാടില്ല. ദൈവം എല്ലാവരുടേതുമാണ്. അത് ചിലരുടെ മാത്രം കുത്തകാവകാശമല്ല. ദൈവം വ്യക്തിപരമായ കാര്യമാണ്. വോട്ട് കിട്ടാന്‍ വേണ്ടിയും സങ്കുചിത ചിന്തയ്ക്കുമായും അത് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതല്ല’, എന്നായിരുന്നു ടീക്കാറാം മീണ പറഞ്ഞത്.

ശബരിമല വിഷയം പറയുന്നിടത്ത് പാര്‍ട്ടിക്ക് പിന്തുണയേറുന്നുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോടത്തെ ചടങ്ങില്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ടയിലും തൃശൂരുമടക്കം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 20 ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരം ലഭിക്കുന്നുവെന്ന വിലയിരുത്തലിലാണ് ഈ ചുവടുമാറ്റം.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ ബി.ജെ.പി കണക്കുകൂട്ടിയതിനപ്പുറമുള്ള സ്വീകാര്യതയാണ് ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ലഭിക്കുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ആദ്യഘട്ടത്തില്‍ ശബരിമല വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉന്നയിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശബരിമല പ്രതിപാദിക്കാതെയായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.