തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരം വിനീതും കൂട്ടാളിയും പിടിയില്‍.
മീശ വിനീത് എന്നാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെടുന്നത്. വിനീതിനൊപ്പം (26) ജിത്തു (22) എന്നയാളാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് കവര്‍ച്ച നടത്തുകയായിരുന്നു. ടിക് ടോക് താരമായ ഇയാള്‍ പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസിലും പ്രതിയാണ്.
കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്.ബി.ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വെച്ച് കവര്‍ച്ച നടത്തിയത്.





