ടിക് ടോക് നിരോധനം; കമ്പനിക്ക് ദിനംപ്രതി 3.5 കോടിയുടെ നഷ്ടം, 250 പേരുടെ തൊഴിലിനും ഭീഷണി
India
ടിക് ടോക് നിരോധനം; കമ്പനിക്ക് ദിനംപ്രതി 3.5 കോടിയുടെ നഷ്ടം, 250 പേരുടെ തൊഴിലിനും ഭീഷണി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 10:16 pm

ന്യൂദല്‍ഹി: ജനപ്രിയ ചൈനീസ് വീഡിയോ ആപ്പ് ആയ ടിക് ടോക് നിരോധിച്ചത് കനത്ത സാമ്പത്തിക നഷ്ടത്തിന് കാരണമാവുന്നെന്ന് ടിക് ടോകിന്റെ പാരന്റ് കമ്പനി ബൈറ്റ്ഡാന്‍സ്. അപ്രതീക്ഷിത വിലക്ക് ബൈറ്റ് ഡാന്‍സിന്റെ 250ഓളം തൊഴിലാളികളേയും ബാധിച്ചേക്കുമെന്നും കമ്പനി കോടതിയെ ബോധിപ്പിച്ചു.

ചെറു വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന ടിക് ടോക് ചെറിയ കാലയളവുകള്‍ക്കുള്ളില്‍ തന്നെ ജനപ്രിയമായിത്തീര്‍ന്നിന്നു. ഇന്ത്യയില്‍ മാത്രമായി മുപ്പത് കോടി ജനങ്ങളാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ആഗോളവ്യാപകമായി നൂറ് കോടി പേര്‍ ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്.

എന്നാല്‍ ഈ മാസം ആദ്യം ടിക് ടോക് നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോടു നിര്‍ദേശിച്ചതിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ടിക് ടോക് എടുത്തു മാറ്റിയിരുന്നു.

ലോകത്തെ തന്നെ ഏറ്റവും മൂല്യമുള്ള സംരഭകരിലൊന്നായി വിലയിരുത്തപ്പെടുന്ന ബൈറ്റ് ഡാന്‍സിന്റെ ആകെ മൂല്യം 75 ബില്ല്യണ്‍ ഡോളറാണ്. ഇന്ത്യയിലെ നിരോധനം കമ്പനിയെ വലിയ തോതില്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ ബൈറ്റ് ഡാന്‍സ് സമര്‍പ്പിച്ച അപേക്ഷയില്‍ നിരോധനം എടുത്തു കളയണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ നിരോധനം എടുത്തുകളയണമെന്ന ടിക് ടോക്കിന്റെ നിരന്തരമായ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. കേസിന്റെ അടുത്ത വാദം കേള്‍ക്കല്‍ മദ്രാസ് ഹൈക്കോടതിയില്‍ അടുത്ത ബുധനാഴ്ച നടക്കും.