ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദിയാകുന്നത്. സഞ്ജു സാംസണിന്റെ സ്വന്തം തട്ടകത്തില്‍ ഇന്ത്യന്‍ ടീം മറ്റൊരു പോരാട്ടത്തിനിറങ്ങുമ്പോള്‍, കോട്ട കാക്കാന്‍ മുന്നണിപ്പോരാളിയായി സഞ്ജുവും ടീമിന്റെ ഭാഗമാകുമ്പോള്‍ കാര്യവട്ടത്തെ ആവേശത്തിലാറാടിക്കാന്‍ തന്നെയാണ് ആരാധകര്‍ ഒരുങ്ങുന്നത്.
പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 12 മണിക്കൂറിനകം തന്നെ 80 ശതമാനം ടിക്കറ്റുകളും വിറ്റഴിച്ചതായി സംഘാടകര്‍ വ്യക്തമാക്കി. ജനുവരി 31നാണ് പരമ്പരയിലെ അവസാന മത്സരത്തിന് ഗ്രീന്‍ഫീല്‍ഡ് വേദിയാവുക.
ബുക്കിങ് പോര്‍ട്ടല്‍ തുറന്ന ആദ്യ മണിക്കൂറുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ടിക്കറ്റ് ബുക്കിങ്ങനായുള്ള അപ്ലിക്കേക്ഷന്‍ സന്ദര്‍ശിച്ചത്. തിരുവനന്തപുരത്ത് മുന്‍പ് നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കുന്ന വേഗത്തിലാണ് ബുക്കിങ് തുടരുന്നത്.
അതേസമയം പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല . പത്ത് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ ഡെവോണ്‍ കോണ്‍വേയെ പുറത്താക്കിയ കിടിലന്‍ ക്യാച്ചിലൂടെ താരം മത്സരത്തില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ ആദ്യ ഓവറില്‍ തന്നെയായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ച്.
ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 190 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഫിനിഷര്‍ റിങ്കു സിങ്ങിന്റെയും വെടിക്കെട്ടിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. അഭിഷേക് 35 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് റിങ്കു അടിച്ചുകൂട്ടിയത്.
അഭിഷേക് ശര്‍മ. Photo: BCCI/x.com
അഞ്ച് ഫോറും ആകാശം തൊട്ട എട്ട് പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. 240.00 എന്ന വെടിക്കെട്ട് സ്ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.