ലൂസിഫര്‍ കാലത്തെ ടിക്കറ്റ് ക്യൂവും തുണ്ട് സി.ഡിയും; 'വാഴ'യുടെ ടൈംലൈന്‍ പാളിയോ?
Movie Day
ലൂസിഫര്‍ കാലത്തെ ടിക്കറ്റ് ക്യൂവും തുണ്ട് സി.ഡിയും; 'വാഴ'യുടെ ടൈംലൈന്‍ പാളിയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th April 2026, 4:36 pm

വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ സ സംവിധാനം ചെയ്ത ‘വാഴ’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു കൂട്ടം യുവാക്കളുടെ സൗഹൃദവും കലഹവും പ്രണയവും കാണിക്കുന്ന ചിത്രത്തിലെ കാലഘട്ടങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

റീലുകളുടേയും ഷോര്‍ട്‌സുകളുടേയും ഒരു സമാഹാരം എന്നതിനപ്പുറം, ലോജിക് തേടുന്ന പ്രേക്ഷകനെ ഈ സിനിമ കുഴപ്പിക്കുന്നുണ്ടെന്നാണ് ഒരുപക്ഷം. ചില കാര്യങ്ങളില്‍ സിനിമ യാഥാര്‍ത്ഥ്യവുമായി അകന്നുനില്‍ക്കുന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

അതിലൊന്ന് അശാസ്ത്രീയമായ സുന്നത്ത് കര്‍മ്മവുമായി ബന്ധപ്പെട്ടതാണ്. പതിനാറ് വയസ്സു കഴിഞ്ഞ ഒരു പയ്യനെ, പണ്ടത്തെ രീതിയില്‍ അശാസ്ത്രീയമായി ‘ഒസ്സാന്‍’ സുന്നത്ത് നടത്തുന്ന പരിപാടി ഇന്നത്തെ കേരളത്തില്‍ എവിടെയെങ്കിലും നടക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

ആധുനിക വൈദ്യശാസ്ത്ര സൗകര്യങ്ങള്‍ ഇത്രയേറെ വികസിച്ച കാലത്ത് ഇത്തരം രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് വെറും തമാശയ്ക്ക് വേണ്ടി മാത്രമാണോ എന്നതില്‍ വ്യക്തതയില്ല. 90കളില്‍ പോലും അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഒരു രീതിയെ 2020-കളിലെ കഥാപരിസരത്തേക്ക് വലിച്ചിഴച്ചത് അരോചകമായി അനുഭവപ്പെട്ടെന്ന് ഒരുവിഭാഗം പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മറ്റൊന്ന് ലൂസിഫര്‍ സിനിമയുടെ ടിക്കറ്റിനായുള്ള ക്യൂ കാണിക്കുന്ന രംഗമാണ്. സിനിമയില്‍ ‘ലൂസിഫര്‍’ റിലീസ് ചെയ്യുന്ന കാലഘട്ടമാണ് കാണിക്കുന്നത്. അതായത് 2019. കേരളത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ് സാധാരണമായ, സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം കൊടുമ്പിരികൊണ്ട 2019ല്‍, പണ്ടത്തെപ്പോലെ തിയേറ്ററിന് മുന്നില്‍ കിലോമീറ്ററുകളോളം ക്യൂ നിന്ന് ടിക്കറ്റെടുക്കുന്ന രീതി എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്.

വാഴ സിനിമയില്‍ നിന്നുള്ള ഒരു രംഗം

നായകനും ഗ്യാങ്ങും തിയേറ്ററിലെത്തുമ്പോള്‍ വലിയ നീണ്ട ക്യൂവാണ് തിയേറ്ററിന് മുന്‍പില്‍ കാണിക്കുന്നത്. പഴയ സിനിമകളില്‍ കാണിക്കുന്നതുപോലെ ടിക്കറ്റിനായുള്ള അടിയും പൊലീസിന്റെ ഇടപെടലുമൊക്കെയാണ് തുടര്‍ന്ന് കാണിക്കുന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ടെങ്കിലും, ബിഗ് ബജറ്റ് മാസ് പടങ്ങളുടെ ഫസ്റ്റ് ഷോയ്ക്ക് ഇന്നും ആരാധകരും യുവാക്കളും നേരിട്ട് തീയേറ്ററിലെത്തി ആവേശം പങ്കിടാറുണ്ടെന്നും പലപ്പോഴും ഫാന്‍ ഷോ ടിക്കറ്റുകള്‍ തിയേറ്റര്‍ കൗണ്ടറുകള്‍ വഴി നേരിട്ട് വിതരണം ചെയ്യുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ആ ആവേശവും തിരക്കും കാണിക്കാനാണ് സംവിധായകന്‍ ശ്രമിച്ചതെന്നുമാണ് മറുപക്ഷത്തിന്റെ വാദം.

മറ്റൊന്ന് സ്‌കൂളിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ടതാണ്. വൃത്തിഹീനമായ മൂത്രപ്പുരകളും അവിടെ അധ്യാപകരുടെ പേര് സഹിതം അശ്ലീലം എഴുതിവെക്കുന്ന രീതിയും ഇന്നത്തെ സ്‌കൂളുകളില്‍ എത്രത്തോളമുണ്ടെന്നത് ഒരു ചോദ്യമാണ്.

പ്രീ-ഡിഗ്രി കാലഘട്ടത്തിലെ നൊസ്റ്റാള്‍ജിയ 21ാം നൂറ്റാണ്ടിലെ പ്ലസ് ടുവിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതുപോലെ ഈ രംഗവും പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം.

മറ്റൊന്ന് സിഡി പ്ലെയറും ‘തുണ്ട്’ സിഡിയുമാണ്. സ്മാര്‍ട്ട് ഫോണും ഹൈ സ്പീഡ് ഇന്റര്‍നെറ്റും വിരല്‍ത്തുമ്പിലുള്ള ഈ കാലത്ത്, ഒളിച്ചിരുന്ന് സി.ഡി പ്ലെയറില്‍ അശ്ലീല സിഡി കാണുന്ന കൗമാരക്കാര്‍ കേരളത്തില്‍ എവിടെയാണുള്ളതെന്ന ചോദ്യമാണ് മറ്റൊന്ന്.

പഴയ കാലത്തെ അച്ഛന്‍മാര്‍ മക്കള്‍ തുണ്ട് സിഡി കാണുമെന്ന പ്രതീക്ഷയില്‍ ചെയ്തതാണ് എന്ന് ന്യായത്തിന് പറയാമെങ്കിലും മൊബൈലും സ്മാര്‍ട് ഫോണും ഉപയോഗിക്കുന്ന മക്കള്‍ക്കായി അങ്ങനെയൊരു സിഡി പരീക്ഷണം നടത്തുമോ എന്നതിലും ലോജിക് തോന്നിയില്ലെന്ന് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

90-കളിലെ പ്രീ-ഡിഗ്രി കാലഘട്ടത്തില്‍ നടക്കേണ്ട കാര്യങ്ങള്‍ പ്ലസ് ടു പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടപ്പോള്‍ വന്ന വലിയൊരു പാളിച്ചയാണിതെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ കാലഘട്ടത്തിന്റെ മാറ്റം തിരിച്ചറിയാത്ത അച്ഛന്‍മാരെ കാണിക്കുക മാത്രമാണ് ഇത്തരമൊരു സീനിലൂടെ സംവിധായകനും തിരക്കഥാകൃത്തും ഉദ്ദേശിച്ചതെന്നാണ് ഇതിന് ചിലര്‍ മറുപടി നല്‍കുന്നത്.

പ്രണയവും, തമാശയും, അധ്യാപകരുടെ കണ്ണുരുട്ടലും മാറ്റിനിര്‍ത്തിയാല്‍ സിനിമയുടെ പശ്ചാത്തലവും കാലഘട്ടവും തമ്മില്‍ പലപ്പോഴും ബന്ധമില്ലാത്തതുപോലെ തോന്നും.

റീലുകള്‍ കാണുന്ന ലാഘവത്തോടെ സിനിമ കാണുന്നവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാമെന്നും പക്ഷേ, സിനിമയില്‍ ഒരു കൃത്യമായ ‘ക്രാഫ്റ്റ്’ ആഗ്രഹിക്കുന്നവര്‍ക്ക് ‘വാഴ’ വെറുമൊരു പരീക്ഷണം മാത്രമാണെന്നും സോഷ്യല്‍മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ഒരു സിനിമ, അവരുടെ ജീവിത സാഹചര്യങ്ങളെയല്ല മറിച്ച് സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയയെ ഇന്നത്തെ കാലത്തേക്ക് ‘കോപ്പി പേസ്റ്റ്’ ചെയ്തതുപോലെയാണ് തോന്നിയതെന്നാണ് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Ticket Queues in the Lucifer Era and Adult CDs; Did Vaazha’s Timeline Miss the Mark?