2026 ഫിഫ ലോകകപ്പിൽ ബെൽജിയത്തെ പരാജയപ്പെടുത്തി സ്പെയ്ൻ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. ബെൽജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പാനിഷ് പട കുതിച്ചത്.
ഇപ്പോൾ ഈ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ വമ്പൻ ഇടിവ് സംഭവിച്ചുവെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ലഭിച്ച ആരാധക പിന്തുണ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയപ്പോൾ ഗണ്യമായി കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ക്വാർട്ടർ ഫൈനലുകളിലെ മത്സരത്തിലെ റീസെയിൽ ടിക്കറ്റ് നിരക്ക് 60 ശതമാനത്തോളം കുറഞ്ഞുവെന്നാണ് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നത്.
സ്പെയ്ൻ-ബെൽജിയം ഏകദേശം ടിക്കറ്റ് നിരക്ക് 2950 ഡോളറിൽ നിന്നും 1200 ആയി കുറഞ്ഞിട്ടുണ്ട്. ടിക്കറ്റ് മാർക്കറ്റ് ഫ്‌ളാറ്റ്ഫോമായ ടിപ്ടിക്കാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ആതിഥേയ രാജ്യമായ അമേരിക്ക ടൂർണമെന്റിൽ നിന്നും പുറത്തായതും ടിക്കറ്റ് ബാധിച്ചിട്ടുണ്ട്. ബെൽജിയത്തോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടാണ് അമേരിക്ക ടൂർണമെന്റിൽ നിന്നും മടങ്ങിയത്.
പോർച്ചുഗലും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകകപ്പിൽ നിന്നും പുറത്തായതും ടിക്കറ്റ് നിരക്കിൽ ഫിഫക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. റൊണാൾഡോ പുറത്തായതോടെ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കിലും വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.
റൊണാൾഡോയുടെ അഭാവം ടിക്കറ്റ് നിരക്കുകളുടെ എണ്ണത്തിൽ മാത്രമല്ല കാഴ്ചക്കാരുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പോർച്ചുഗൽ ക്വാർട്ടറിൽ എത്തിയിരുന്നെങ്കിൽ ടിക്കറ്റ് നിരക്കിൽ വലിയ വർധനവ് ഉണ്ടാവുമെന്നാണ് ഫുട്ബോൾ അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.
അതേസമയം ഈ ലോകകപ്പിൽ പ്രീക്വാർട്ടറിൽ നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് പോർച്ചുഗൽ പുറത്തായത്. റൗണ്ട് ഓഫ് 32ൽ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് പറങ്കിപ്പട പ്രീക്വാർട്ടറിലേക്ക് കടന്നത്.
ഗ്രൂപ്പ് കെ-യിൽ രണ്ടാം സ്ഥാനക്കാരായാണ് പോർച്ചുഗൽ റൗണ്ട് ഓഫ് 32ലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയോട് സമനിലയിൽ കുടുങ്ങിയ പറങ്കിപ്പട രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ അഞ്ച് ഗോളുകൾക്ക് തകർത്താണ് തിരിച്ചു വന്നത്. എന്നാൽ അവസാന മത്സരത്തിൽ കൊളംബിയയോട് പോർച്ചുഗൽ സമനില വഴങ്ങി.
ഈ ലോകകപ്പിൽ നിന്നും പോർച്ചുഗൽ മടങ്ങിയതോടെ റൊണാൾഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് കണ്ണീരോടെയാണ് അവസാനിച്ചത്. ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിയാണ് റൊണാൾഡോ മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെകിസ്ഥാനെതിരെ ഇരട്ട ഗോൾ നേടി തിളങ്ങിയ റൊണാൾഡോ ക്രൊയേഷ്യക്കെതിരെ ഒരു ഗോളും സ്വന്തമാക്കി.
Content Highlight: Ticket prices have reportedly dropped significantly after Portugal and Cristiano Ronaldo were eliminated from the World Cup