2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കി ആരംഭിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ച് സഹ ആതിഥേയരായ മെക്‌സിക്കോ 23ാം എഡിഷനിലെ ആദ്യ വിജയവും സ്വന്തമാക്കി.
എന്നാല്‍, ലോകകപ്പിലെ ആരവങ്ങള്‍ വിവിധയിടങ്ങളില്‍ നിറയുമ്പോഴും സ്റ്റേഡിയങ്ങളിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങളാണ് ചര്‍ച്ചയാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തില്‍ 80000ത്തിലധികം കാണികള്‍ എത്തിയിരുന്നു. പക്ഷേ, ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലി ക്കും ഏറ്റുമുട്ടിയപ്പോള്‍ കാഴ്ചകൾ വ്യത്യസ്തമായിരുന്നു.
ഗ്വാഡലജാര സ്റ്റേഡിയത്തിലെ ഗാലറിയില്‍ സീറ്റുകള്‍ പലതും ഒഴിഞ്ഞാണ് കിടന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന കാനഡ – ബോസ്നിയ മത്സരത്തിലും ഗാലറി സമാന സ്ഥിതിയിലായിരുന്നു. ഈ ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ ലോകകപ്പ് ടിക്കറ്റ് നിരക്കുകള്‍ വീണ്ടും സജീവമായി ചര്‍ച്ചയാവുകയാണ്.
ദക്ഷിണ കൊറിയ – ചെക്ക് റിപ്പബ്ലിക് മത്സരത്തിനിടെ ഗ്വാഡലജാര സ്റ്റേഡിയത്തിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ. Photo: insideworldfootball.com
ഫുട്‌ബോളിന് പേരുകേട്ട മെക്സിക്കോ സിറ്റിയിലെ ആവേശം പക്ഷേ ഗ്വാഡലജാരയിലേക്ക് എത്തിയില്ല. അതിന് കാരണം സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള ടിക്കറ്റ് വിലയും യാത്രാച്ചെലവുമാണെന്നാണ് പൊതുവെ വിലയിരുത്തല്‍.
ഗ്വാഡലജാര സ്റ്റേഡിയത്തിന് 46000 കാണികളെ ഉള്‍ക്കൊള്ളാനാവും. ദക്ഷിണ കൊറിയ – ചെക്ക് റിപ്പബ്ലിക് മത്സരത്തില്‍ 44,985 പേര്‍ കളി കാണാനെത്തിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. പക്ഷേ, അപ്പോഴും ഇരിപ്പിടങ്ങള്‍ പലതും ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഇതിനെല്ലാം പിന്നില്‍ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കെന്നാണ് ഈ കാഴ്ചകൾ സൂചിപ്പിക്കുന്നത്.
ലോകകപ്പ് ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഫിഫക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ടിക്കറ്റ് നിരക്കുകള്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം.
ടിക്കറ്റ് നിരക്കിന് പുറമെ, ആതിഥേയ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ ചെലവും താമസ സൗകര്യങ്ങള്‍ക്കുള്ള അമിത നിരക്കും ഫുട്‌ബോള്‍ ആരാധകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരു ലോകകപ്പ് മത്സരം സ്റ്റേഡിയത്തിലെത്തി കാണാനുള്ള ചെലവ് ഷിക്കാഗോയി ഒരു മാസത്തെ വീട്ടുവാടകയ്ക്ക് തുല്യമാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
അതേസമയം, ടിക്കറ്റ് നിരക്ക് അമിതമല്ലെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പക്ഷം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 60 ഡോളറാണെന്നും ഇത് അമേരിക്കയിലെ മറ്റ് പ്രമുഖ കായിക മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നുമാണ് അദ്ദേഹം പറയുന്നത്.
ഇതിനെതിരെ ആരാധക കൂട്ടായ്മകള്‍ രംഗത്തെത്തിയിട്ടുണ്ട്. 60 ഡോളറിന്റെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ലെന്നാണ് ഇവര്‍ പരാതി ഉന്നയിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കൂട്ടായ്മ യൂറോപ്യന്‍ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight: Ticket prices are being discussed in FIFA World Cup 2026 as galleries seen empty