ദുല്‍ഖര്‍ നില്‍ക്കേണ്ട സ്ഥലത്താ സിലമ്പരസന്‍ നില്‍ക്കുന്നത്.... 36 വര്‍ഷം മുന്നേയുള്ള ലുക്കില്‍ ഉലകനായകന്‍, ബ്രഹ്‌മാണ്ഡ ചിത്രം ഷൂട്ടിങ് ആരംഭിച്ചു
Film News
ദുല്‍ഖര്‍ നില്‍ക്കേണ്ട സ്ഥലത്താ സിലമ്പരസന്‍ നില്‍ക്കുന്നത്.... 36 വര്‍ഷം മുന്നേയുള്ള ലുക്കില്‍ ഉലകനായകന്‍, ബ്രഹ്‌മാണ്ഡ ചിത്രം ഷൂട്ടിങ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 11:53 am

37 വര്‍ഷത്തിന് ശേഷം ഉലകനായകന്‍ കമല്‍ ഹാസനും ഇതിഹാസ സംവിധായകന്‍ മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം കമല്‍ ഹാസന്‍ അഭിനയിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് സമയത്തു തന്നെ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനും ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്.

കമല്‍ ഹാസന് പുറമെ ജയം രവി, ദുല്‍ഖര്‍ സല്‍മാന്‍, തൃഷ, ഗൗതം കാര്‍ത്തിക്, അഭിരാമി, ജോജു ജോര്‍ജ്, പങ്കജ് ത്രിപാഠി തുടങ്ങി വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു എന്നായിരുന്നു ആദ്യം പുറത്തുവിട്ട വിവരം. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്ക് മൂലം ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ വേഷത്തില്‍ തമിഴ് താരം സിലമ്പരസന്‍ വരുമെന്നുള്ള അഭ്യൂഹവും ഉണ്ടായിരുന്നു.

ദല്‍ഹിയില്‍ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങില്‍ ഇന്ന് കമല്‍ ഹസന്‍ ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമല്‍ ഹാസന്‍, സിലമ്പരസന്‍, അഭിരാമി, നാസര്‍, വയ്യാപുരി എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

36 വര്‍ഷം മുമ്പ് സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കമലിന്റെ ഹിറ്റ് ചിത്രം സത്യയിലെ ഗെറ്റപ്പിലാണ് ഉലകനായകന്‍ ഈ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. കമലിന്റെ കൂടെ നില്‍ക്കുന്ന സിലമ്പരസനെക്കുറിച്ചാണ് ഇപ്പോള്‍ മലയാളി സിനിമാപ്രേമികളുടെ ചര്‍ച്ച. മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ നില്‍ക്കേണ്ട സ്ഥലത്ത് സിലമ്പരസന്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ആരാധകര്‍ക്ക് ചെറുതല്ലാത്ത നിരാശയുണ്ട്.

ജയം രവി പിന്മാറിയ വേഷത്തിലേക്ക് അശോക് സെല്‍വന്‍ എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ മൂന്ന് ഇതിഹാസങ്ങള്‍ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. 37 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഓസ്‌കര്‍ നായകന്‍ എ.ആര്‍. റഹ്‌മാനാണ്.

19 വര്‍ഷത്തിന് ശേഷമാണ് കമലും റഹ്‌മാനും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. വിശ്വരൂപം 2വിന് ശേഷം കമല്‍ ഹാസന്‍ തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Thug Life shooting spot photo going viral in social media