ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൈപ്പിനുള്ള പ്രധാന കാരണം. ഒപ്പം വന്‍ താരനിരയും അണിനിരന്നതോടെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു.
എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പഴകിത്തേഞ്ഞ തിരക്കഥയില്‍ മണിരത്‌നം ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 100 കോടി പോലും നേടാനാകാതെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 200 കോടി ബജറ്റിലെത്തിയ തഗ് ലൈഫ് ആരാധകരെ നിരാശരാക്കി.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോഡ് തുകക്കായിരുന്നു നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. തിയേറ്ററില്‍ റിലീസ് ചെയ്ത് എട്ട് ആഴ്ചക്ക് ശേഷം ഒ.ടി.ടിയില്‍ ചിത്രം ഇറക്കുക എന്ന തമിഴ് സിനിമയിലെ പുതിയൊരു പരീക്ഷണത്തിന് തഗ് ലൈഫ് മുതിരുകയാണെന്ന് നേരത്തെ കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിനാല്‍ പറഞ്ഞതിലും നാല് ആഴ്ച മുമ്പേയാണ് ചിത്രം ഒ.ടി.ടിയില്‍ എത്തുന്നത്.
നേരത്തെ 130 കോടിക്കായിരുന്നു തഗ് ലൈഫിന്റെ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയത്. എന്നാല്‍ കരാറില്‍ പറഞ്ഞതിലും നേരത്തെ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതുകൊണ്ടുതന്നെ ഈ തുക സ്ട്രീമിങ് പ്ലാറ്റ്‌ഫോം വെട്ടികുറിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് തിയേറ്റര്‍ വിന്‍ഡോ പാലിക്കാത്തതിന് തഗ് ലൈഫിന് മള്‍ട്ടിപ്ലക്‌സുകള്‍ പിഴ ചുമത്തുമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. 25 ലക്ഷമായിരിക്കും പിഴത്തുക.