അമേരിക്കയില്‍ പോയത് ഫുട്‌ബോള്‍ കാണാന്‍ വേണ്ടി മാത്രമല്ല, മകളുടെ തുടക്കം ഇന്റര്‍നാഷണലാക്കാന്‍ മോഹന്‍ലാല്‍
Malayalam Cinema
അമേരിക്കയില്‍ പോയത് ഫുട്‌ബോള്‍ കാണാന്‍ വേണ്ടി മാത്രമല്ല, മകളുടെ തുടക്കം ഇന്റര്‍നാഷണലാക്കാന്‍ മോഹന്‍ലാല്‍
അമര്‍നാഥ് എം.
Monday, 20th July 2026, 1:30 pm

സിനിമക്ക് താത്കാലികമായി ഇടവേള നല്‍കി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. പങ്കാളിയായ സുചിത്രക്കും മാനേജരായ ആന്റണി പെരുമ്പാവൂരിനുമൊപ്പം അമേരിക്കയില്‍ ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നാല്‍ മോഹന്‍ലാല്‍ അമേരിക്കയില്‍ പോയത് ലോകകപ്പ് കാണാന്‍ വേണ്ടി മാത്രമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് പങ്കുവെച്ച പോസ്റ്റ് സിനിമാപേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി നായികയാകുന്ന തുടക്കത്തെക്കുറിച്ചുള്ള അപ്‌ഡേറ്റാണ് ആശീര്‍വാദ് പങ്കുവെച്ചത്.

തുടക്കം Photo: Aashirvad Cinemas/ Facebook

ചിത്രത്തിന്റെ ആദ്യഗ്ലിംപ്‌സ് ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സ്‌ക്രീന്‍ ചെയ്യുമെന്നാണ് ആശീര്‍വാദ് അറിയിച്ചത്. മലയാളസിനിമയെ ലോകത്തിന്റെ ഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണിതെന്നും പോസ്റ്റില്‍ പറയുന്നു. ഗ്ലിംപ്‌സ് പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായി തുടക്കത്തിന്റെ ബില്‍ബോര്‍ഡും ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും തിരക്കേറിയ, ഒരിക്കലും തിരക്കവസാനിക്കാത്ത ഇടങ്ങളിലൊന്നാണ് ടൈംസ് സ്‌ക്വയര്‍. മണിക്കൂറില്‍ പതിനായിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഒരു സ്ഥലത്ത് മലയാളസിനിമയെക്കുറിച്ച് കാണിക്കുന്നത് അഭിമാനം നല്‍കുന്ന കാര്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തുടക്കത്തിന് ഇന്റര്‍നാഷണല്‍ റീച്ച് ലഭിക്കുമെന്നും സിനിമാപേജുകള്‍ കമന്റുകള്‍ പങ്കുവെക്കുന്നു.

തുടക്കം Photo: Aashirvad Cinemas/ Facebook

റിലീസിന് വെറും രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു അപ്‌ഡേറ്റും തുടക്കത്തിന്റേതായി ലഭിച്ചിരുന്നില്ല. ഇത്രയും നാള്‍ പതുങ്ങിയിരുന്നത് ഇങ്ങനെയൊരു കുതിപ്പ് നടത്താനായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മോളിവുഡിലേക്ക് വിസ്മയയുടെ വരവ് വെറതെയാകില്ലെന്നും കമന്റുകളുണ്ട്.

2018 എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ അതിഥിവേഷവും ചിത്രത്തെ ഗംഭീരമാക്കുമെന്നാണ് പ്രതീക്ഷ. സായ് കുമാര്‍, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ചിപ്പി തുടങ്ങി വന്‍ താരനിര തുടക്കത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സായ തായ് പേയ് പഠിച്ച വിസ്മയയുടെ ആദ്യചിത്രം തന്നെ ആക്ഷന്‍ ത്രില്ലറാണെന്ന് പോസ്റ്റര്‍ സൂചന നല്‍കുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Thudakkam promotion glimpse will show in Times Square

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം