തൃശൂര്‍: സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദസംഗമത്തില്‍ പങ്കെടുത്ത് വിവാദത്തിലായി തൃശൂര്‍ ഡി.സി.സി അംഗം. മുന്‍ബ്ലോക്ക് പ്രസിഡന്റ് കൂടിയായ പ്രൊഫ. സി.ജി ചെന്താമരാക്ഷനാണ് സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടത്. പിന്നീട് ഇതേ വേദിയില്‍ അദ്ദേഹം സുരേഷ് ഗോപിക്ക് നന്ദിയും പറഞ്ഞു.
പൂര്‍ണമായും ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തില്‍ നിന്നുതന്നെ പങ്കാളിത്തമുണ്ടായത് വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.
തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നില്‍ വോട്ട് കൊള്ളയാണെന്ന ആരോപണം കോണ്‍ഗ്രസ് ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ചെന്താമരാക്ഷന്‍ സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ചെന്താമരാക്ഷന്‍ രംഗത്തെത്തി. താന്‍ പ്രസിഡന്റ് ആയിട്ടുള്ള ശ്രീവിദ്യാ പ്രകാശിനി സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുവെച്ചാണ് സുരേഷ് ഗോപിയുടെ സൗഹൃദ സംവാദം നടന്നത്. അതുകൊണ്ടുതന്നെ സഭാ പ്രസിഡന്റ് എന്നനിലയിലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നാണ് ചെന്താമരാക്ഷന്‍ വിശദീകരിച്ചത്.
തൃശൂര്‍ ഡി.സി.സി അംഗം പ്രൊഫ. സി.ജി ചെന്താമരാക്ഷന്‍
ബി.ജെ.പിയുടെ തൃശൂര്‍ സൗത്ത് ജില്ലാധ്യക്ഷന്‍ എ.ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, സുരേഷ് ഗോപിയുടെ വിജയം വോട്ട് കൊള്ളയിലൂടെയാണെന്ന ആരോപണം ശക്തമായിരിക്കെ ഇതിനെ അനുകൂലിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതയുടെ മുഖപത്രം കത്തോലിക്ക സഭയില്‍ ലേഖനം പ്രസിദ്ധീകരിച്ചു.
ഒരു ലക്ഷത്തോളം വോട്ടുകള്‍ തൃശൂര്‍ മണ്ഡലത്തില്‍ വര്‍ധിച്ചതിനെ വിമര്‍ശിച്ച മുഖപത്രം സുരേഷ് ഗോപിയുടെ വിജയം മണ്ഡലത്തിന് പുറത്തുള്ളവരെ വോട്ടര്‍ലിസ്റ്റില്‍ കുത്തിത്തിരുകിയാണെന്നും ആരോപിക്കുന്നുണ്ട്.
ഇതിനിടെ, നിവേദനം നിരസിച്ച് വയോധികനെ അപമാനിച്ച സുരേഷ് ഗോപി വീണ്ടും സമാനമായി പെരുമാറിയതും ചര്‍ച്ചയായി. കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച വയോധികയെ സുരേഷ് ഗോപി പരിഹസിക്കുകയായിരുന്നു. തനിക്ക് ഇക്കാര്യം ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
തനിക്ക് മുഖ്യമന്ത്രിക്ക് അടുത്തേക്ക് നേരിട്ട് പോകാന്‍ സാധിക്കുമോ എന്ന ആശങ്ക പങ്കുവെച്ച വയോധികയോട് ‘എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കേറിക്കോ’ എന്നാണ് സുരേഷ് ഗോപി തട്ടിക്കയറിയത്.
Content Highlight: Thrissur DCC member participates in debate with Suresh Gopi