പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡി മരണം; സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്
Kerala News
പാവറട്ടിയിലെ എക്‌സൈസ് കസ്റ്റഡി മരണം; സസ്‌പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാന്‍ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 12:54 pm

തൃശ്ശൂര്‍: തൃശ്ശൂര്‍ പാവറട്ടിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍വെച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. സി.ബി.ഐ. കുറ്റക്കാരാണെന്ന കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്.

വി.എ. ഉമ്മര്‍, എം.ജി. അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, നിധിന്‍ എം. മാധവന്‍, വി.എം. സ്മിബിന്‍ എന്നിവരുള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുത്തത്.

പല ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റി നിയമിച്ചത്. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

കഞ്ചാവ് കേസില്‍ അറസ്റ്റിലായ തിരൂര്‍ സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മലപ്പുറം തിരൂര്‍ സ്വദേശിയാണ് മരിച്ച രഞ്ജിത്ത് കുമാര്‍. രണ്ടുകിലോ കഞ്ചാവുമായാണ് രഞ്ജിത്തിനെ പിടികൂടിയത്.

 

അനൂപ് കുമാര്‍, നിധിന്‍, അബ്ദുള്‍ ജബ്ബാര്‍, മഹേഷ്, സ്മിബിന്‍, ബെന്നി എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മറ്റുള്ളവര്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, വ്യാജ രേഖയുണ്ടാക്കല്‍ എന്നിവയാണ് ചുമത്തിയത്.

തൃശ്ശൂര്‍ പാവറട്ടിയില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി രഞ്ജിത്ത് എക്‌സൈസ് കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു. രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thrissur custodial death, order to return back excise offcials by job