തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ രൂപപ്പെടുത്തിയ മൂന്ന് പ്രധാനികള്‍ പിന്നോക്കക്കാരായിന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു, അയ്യന്‍ കാളി എന്നിവരെ ചൂണ്ടിക്കാട്ടിയാണ് എം.വി. ഗോവിന്ദന്റെ പരാമര്‍ശം. തിരുവനന്തപുരം ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയുടെ ‘ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാര’ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ ആയിരുന്നു. ചട്ടമ്പിസ്വാമി സാമ്പത്തികമായ പിന്നോക്കാവസ്ഥയിലും. എന്നാല്‍ ഇവര്‍ മൂവരും സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ലോകത്തെ പഠിപ്പിക്കുകയായിരുന്നുവെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച് ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്തതല്ല കേരളമെന്ന് പറഞ്ഞത് ചട്ടമ്പിസ്വാമിയാണ്. ജാതി വ്യവസ്ഥക്കെതിരെ ആദ്യമായി പന്തിഭോജനം നടത്തിയ ചട്ടമ്പിസ്വാമി, കേരളത്തെ ബ്രാഹ്‌മണ മേധാവിത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ധീരമായി പോരാടിയ വ്യക്തിയാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചട്ടമ്പിസ്വാമി ജയന്തി പുരസ്‌കാരം നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന് നല്‍കി ആദരിച്ചു. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തലയാണ് പുരസ്‌കാരം നല്‍കിയത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ മേഖലകളിലെ ഇടപടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഗാന്ധിഭവന്‍ സെക്രട്ടറി പുന്നലം സോമരാജനാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. സമിതി വൈസ് പ്രസിഡന്റ് ഡോ. പ്രേമരാജന്‍ ശ്രീവത്സന്‍ നമ്പൂതിരി, സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, കണ്‍വീനര്‍ മുക്കം രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ചാണ് പരിപാടി നടന്നത്.