സംസ്ഥാനത്ത് ഇന്ന് മാത്രം ഷോക്കേറ്റ് മരിച്ചത് മൂന്ന് പേര്‍
Kerala
സംസ്ഥാനത്ത് ഇന്ന് മാത്രം ഷോക്കേറ്റ് മരിച്ചത് മൂന്ന് പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th July 2025, 8:19 pm

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് (27-07-25) മാത്രം ഷോക്കേറ്റ് മരിച്ചത് മൂന്ന് പേര്‍. ഏറ്റവും ഒടുവിലായി മലപ്പുറം വേങ്ങര വെട്ട്‌തോട് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി അബ്ദുള്‍ ദവൂദ് (18) ആണ് മരിച്ചത്. കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയാണ് മരിച്ച അബ്ദുള്‍ ദാവൂദ്.

വൈകീട്ട് സുഹൃത്തുക്കളോടൊപ്പം തോട്ടില്‍ കുളിക്കാന്‍ എത്തിയതായിരുന്നു അബ്ദുള്‍ ദാവൂദ്. തുടര്‍ന്ന് കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക് കമ്പിയില്‍ പിടിച്ചതായാണ് സൂചന. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നാണ് അബ്ദുള്‍ ദാവൂദിന് ഷോക്കേറ്റത്.

സുഹൃത്തുകള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അബ്ദുള്‍ ദാവൂദിനെ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പാലക്കാടാണ് മറ്റൊരു മരണം ഉണ്ടായത്. പറമ്പില്‍ തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് കര്‍ഷകനായ മാരിമുത്ത് മരിച്ചതും ഇന്ന് തന്നെയാണ്. കൊടുമ്പ് ഓലശേരി പാളയം സ്വദേശിയാണ് മാരിമുത്ത്.

രാവിലെ പറമ്പില്‍ വീണ തേങ്ങ ചാക്കിലാക്കവെ അബദ്ധത്തില്‍ പറമ്പില്‍ വീണ് കിടക്കുന്ന വൈദ്യുതി ലൈനില്‍ ചവിട്ടുകയായിരുന്നു. കൃഷിയിടത്തിലെ മോട്ടോര്‍ പുരയിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനില്‍ ചവിട്ടിയാണ് ഷോക്കേറ്റത്‌.

കൃഷിയിടത്തിലേക്ക് പോയ മാരിമുത്തുവിനെ ഏറെസമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സഹോദരിയും നാട്ടുകാരും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്ത് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അന്വേഷണം നടത്താന്‍ വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍ ഉത്തരവിട്ടു. മന്ത്രി കൃഷ്ണന്‍ കുട്ടി, സി.പി.ഐ.എം ഏരിയ സെക്രട്ടറി നിതിന്‍ കണിച്ചേരി എന്നിവര്‍ ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചു.

ഇന്ന് തന്നെയാണ് ആറ്റിങ്ങലിലെ വീടിന് മുന്നില്‍ വൃദ്ധയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി ( 87) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.

ഇന്നലെ ലീലാമണി സമീപത്തെ ഇലക്ട്രീഷ്യന്റെ വീട്ടില്‍ ചെന്ന് വീട്ടില്‍ കറണ്ടില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രീഷ്യന്‍ വീട്ടിലെത്തിയപ്പോഴാണ് ലീലാമണിയെ വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീലാണിയും ഭിന്നശേഷിക്കാരിയായ മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

Content Highlight: Three people died of electric shock in the state today