തുര്‍ക്കിയില്‍ വീണ്ടും മൂന്ന് പ്രതിപക്ഷ മേയര്‍മാര്‍ കൂടി അറസ്റ്റില്‍
Trending
തുര്‍ക്കിയില്‍ വീണ്ടും മൂന്ന് പ്രതിപക്ഷ മേയര്‍മാര്‍ കൂടി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th July 2025, 10:13 pm

അങ്കാറ: ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതിന് പുറമെ തുര്‍ക്കിയില്‍ വീണ്ടും പ്രതിപക്ഷ മേയര്‍മാര്‍ക്കെതിരെ ഭരണകൂട നടപടികള്‍. അഴിമതി ആരോപിച്ച് അദാന മേയര്‍ സെയ്ദാന്‍ കരാലര്‍, അന്റാലിയ മേയര്‍ മുഹിത്തിന്‍ ബോസെക്, അദിയമാന്‍ മേയര്‍ അബ്ദുറഹ്‌മാന്‍ ടുട്ടെരെ എന്നിവരെ ശനിയാഴ്ച തുര്‍ക്കി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.

ഇതില്‍ സെയ്ദാന്‍ കരാലറും അബ്ദുറഹ്‌മാന്‍ ടുട്ടെരെയും പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങളാണ്. എന്നാല്‍ ഇവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളുടെ വിശദാംശങ്ങള്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ടില്ല. തുര്‍ക്കിയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികളെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഈ ആഴ്ച 120 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. ഇതില്‍ സി.എച്ച്.പി മേയറും 137 മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു. ടെന്‍ഡര്‍ തട്ടിപ്പും വഞ്ചനയും ആരോപിച്ചായിരുന്നു അറസ്റ്റ്.

നാല് മാസം മുമ്പ് അറസ്റ്റിലായ ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലു പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പ്രധാന എതിരാളിയായി കണക്കാക്കപ്പെട്ടിരുന്നു. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയായിരുന്നു ഇമാമോഗ്ലുവ്. അഴിമതി ആരോപണങ്ങള്‍ ചുമത്തിയാണ് നാല് മാസം മുമ്പ് ഇദ്ദേഹത്തെ ജയിലിലടച്ചത്‌. എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ വന്‍ ജനരോഷം ഉടലെടുത്തിരുന്നു.

2028ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഇമാമോഗ്ലുവിനെതിരെ നടപടിയെടുത്തത്. കസ്റ്റഡിയിലെടുത്തിന് പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

51.14% വോട്ട് നേടിയാണ് ഇമാമോഗ്ലുവ് ഇസ്താംബുള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് ഇമാമോഗ്ലുവിനെ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. ഈ കേസിലെ വിധിക്കായി കാത്തിരിക്കവേയാണ് ഇമാമോഗ്ലുവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നത്.

Content Highlight: Three more opposition mayors arrested in Turkey