കൊല്‍ക്കത്ത: ദുര്‍ഗാ പൂജയോടനുബന്ധിച്ചുള്ള സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡില്‍ മഴവില്‍ നിറത്തില്‍ പെയന്റടിച്ച് ബംഗാള്‍ സര്‍ക്കാര്‍. നിറം പൂശിയ ഫ്‌ളൈ ഓവറില്‍ ബൈക്ക് യാത്രികള്‍ തെന്നിവീഴുന്നതിന്റെ ഡാഷ് ക്യാം വീഡിയോ വൈറലായതോടെ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ ദുര്‍ഗാ പൂജയ്ക്കായി നഗരത്തെ അലങ്കരിക്കുകയാണ് ഭരണകക്ഷി. ഇതിന്റെ ഭാഗമായാണ് ഗരിയഹട്ട്, ചിംഗ്രിഹട്ട് എന്നിവിടങ്ങളിലെ ഫ്‌ളൈ ഓവറുകളില്‍ റോഡില്‍ ആകര്‍ഷകമായ നിറങ്ങള്‍ പൂശി മനോഹരമാക്കുകയും ഹൗറ പാലം ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തത്.

റോഡുകള്‍ പെയിന്റ് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ അത് അപകടകരമാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ വൈറലായ വീഡിയോയിലുള്ള ഫ്‌ളൈ ഓവര്‍ ഇപ്പോള്‍ ഒരു മരണക്കെണിയായി മാറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മമത വിഭാഗം അഭിപ്രായപ്പെട്ടു.

ഒരു കാറിലെ ഡാഷ്‌കാമില്‍ പതിഞ്ഞതെന്ന് കരുതുന്ന വീഡിയോയില്‍ മഴവില്ലിന്റെ നിറങ്ങള്‍ പൂശിയ ചിംഗ്രിഹട്ട ഫ്‌ളൈ ഓവറില്‍ മൂന്ന് ബൈക്ക് യാത്രികര്‍ തെന്നിവീഴുന്നത് കാണാം.

നിറം പൂശിയ റോഡുകള്‍ മൂലമുണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് പശ്ചിമബംഗാള് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശുതോഷ് ചാറ്റര്‍ജി സംസ്ഥാന നഗരവികസന മുന്‍സിപ്പല്‍ കാര്യമന്ത്രി അഗ്നിമിത്ര പോളിനും കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ സ്മിത പാണ്ഡെയ്ക്കും കത്തെഴുതിട്ടുണ്ട്.

‘ഞങ്ങളുടെ ആശങ്ക ഇതാണ്: വാഹന ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡുകളില്‍ തിളക്കമുള്ള പെയിന്റ് (glossy paint) ഉപയോഗിക്കുന്നത് അപകടകരമാണ്, അത് അനുവദിക്കാന്‍ പാടില്ലാത്തതാണ്. ആര്‍ക്കും റോഡില്‍ പെയിന്റ് അടിക്കാം, എന്നാല്‍ വാഹനങ്ങളുടെ ടയറുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ ഭാഗം മുഴുവന്‍ സാധാരണ ഗാര്‍ഹിക പെയിന്റ് ഉപയോഗിച്ച് പെയിന്റ് ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ ദേശീയപാതകളില്‍, റോഡ് മാര്‍ക്കിംഗുകള്‍ IRC:352015, IS:164 എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടത്താറുള്ളത്,’ കോണ്‍ഗ്രസ് നേതാവിന്റെ കത്തില്‍ പറയുന്നു.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍, ഡി.ജി.പി, ബിധാന്‍നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരടങ്ങുന്ന സംഘത്തെ റോഡുകളും ഫ്‌ളൈഓവറുകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് അഗ്നിമിത്ര പോള്‍ പറഞ്ഞു.

Content Highlight: Three bikers skid on Kolkata’s rainbow flyover, raising road safety concern.