മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു; യു.എസ് പടക്കപ്പല്‍ ആക്രമിച്ച് ഇറാന്‍
Iran America Nuclear Deal
മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു; യു.എസ് പടക്കപ്പല്‍ ആക്രമിച്ച് ഇറാന്‍
രാഗേന്ദു. പി.ആര്‍
Sunday, 1st March 2026, 9:17 pm

ടെഹ്റാന്‍: അമേരിക്കയുടെ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്റെ അവകാശവാദം. തെക്കന്‍ മേഖലയിലെ സൈനിക താവളത്തില്‍ നിന്ന് യു.എസ്.എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചുവെന്ന് ഇറാന്‍ പറയുന്നു. നാല് മിസൈലുകള്‍ കപ്പലില്‍ പതിച്ചതായും ഐ.ആര്‍.ജി.സി അറിയിച്ചു.

കടലും കരയും അധിനിവേശക്കാരുടെ ശവപ്പറമ്പാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എന്നാല്‍ ഇറാന്റെ വാദം തള്ളി അമേരിക്ക രംഗത്തെത്തി.

അമേരിക്കന്‍ കപ്പലിന്റെ സമീപത്ത് പോലും ഇറാന്റെ മിസൈലുകള്‍ എത്തിയില്ലെന്ന് യു.എസ് പറഞ്ഞു. വിമാനവാഹിനി കപ്പലിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടാണ് അമേരിക്കയുടെ പ്രതികരണം.

അതേസമയം ചാബഹാര്‍ പിയറില്‍ വെച്ച് ജമറാന്‍-ക്ലാസ് കോര്‍വെറ്റ് എന്ന ഇറാനിയന്‍ പടക്കപ്പല്‍ മുക്കിയതായി യു.എസും അവകാശപ്പെട്ടു. യു.എസ് സെന്‍ട്രല്‍ കമാന്‍ഡാണ് ഇറാനിയന്‍ പടക്കപ്പല്‍ ആക്രമിച്ചത്.

ഇറാനുമായുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായും അമേരിക്ക അറിയിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങള്‍ 24 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ പുറത്തുവിടുകയുള്ളുവെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

സ്ഥിതിഗതികള്‍ വളരെ മോശമാണ്. മരണപ്പെട്ട യോദ്ധാക്കളുടെ കുടുംബത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഇറാനെതിരായ പോരാട്ടം തുടരുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അതേസമയം ജനുവരി മുതല്‍ യു.എസ് പടക്കപ്പല്‍ പശ്ചിമേഷ്യന്‍ തീരത്ത് സര്‍വീസ് നടത്തിവരികയാണ്. നിലവില്‍ ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെയാണ് എബ്രഹാം ലിങ്കണ്‍ നിലയുറച്ചിരിക്കുന്നത്. ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നിമിറ്റ്‌സ് ക്ലാസ് എയര്‍ക്രാഫ്റ്റ് കാരിയറാണ് എബ്രഹാം ലിങ്കണ്‍.

ഇറാന്റെ ആക്രമണത്തില്‍ ഇസ്രഈലിലെ ബെയ്റ്റ് ഷെമേഷില്‍ മരണസംഖ്യ ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 10 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ പ്രത്യാക്രമണത്തില്‍ യു.എ.ഇയിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരാണ് കൊല്ലപ്പെട്ടത്.

Content Highlight: Three American soldiers killed; Iran claims attack on USS Abraham Lincoln

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.