രാജ്യത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി; ഒഡീഷയിലെ ബജ്‌രംഗ്ദള്‍ ആക്രമണത്തില്‍ സി.ബി.സി.ഐ
India
രാജ്യത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി; ഒഡീഷയിലെ ബജ്‌രംഗ്ദള്‍ ആക്രമണത്തില്‍ സി.ബി.സി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th August 2025, 7:18 pm

ന്യൂദല്‍ഹി: ഒഡീഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ച സംഭവത്തില്‍ അപലപിച്ച് കാത്തലിക്‌സ് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ).

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമണത്തിന്റെ ഭാഗമാണെന്നും ബിഷപ്‌സ് അസോസിയേഷന്‍ പറഞ്ഞു. ഭരണഘടനാ അവകാശങ്ങളുടെയും അന്തസിന്റെയും ‘നഗ്നമായ ലംഘനം’ എന്ന് വിശേഷിപ്പിച്ച അസോസിയേഷന്‍ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നല്‍കി. മലയാളി കന്യാസ്ത്രീകളും വൈദികരും ഒഡീഷയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലാണ് അസോസിയേഷന്റെ പ്രതികരണം.

കുറ്റവാളികളെ ഒറ്റപ്പെടുത്തുകയും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞ അസോസിയേഷന്‍ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയെടുക്കണെമെന്നും ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരം അതിക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും ഇത് ക്രിസ്താനികള്‍ക്കെതിരായ ആക്രമണങ്ങള്‍ മാത്രമല്ല ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണെന്നും കാത്തോലിക്കാ ഗ്രൂപ്പിന്റെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് ആറിന് ഒമ്പത് മണിയോടെയാണ് മലയാളി കന്യാസ്ത്രീകളും വൈദികരും ഒഡീഷയില്‍ ആക്രമിക്കപ്പെട്ടത്. ഒരു മതപരമായ ചടങ്ങിനാണ് ജലേശ്വറിലെ ഗംഗാധര്‍ ഗ്രാമത്തിലെത്തിയതെന്നാണ് വൈദികര്‍ പറയുന്നത്.

വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മടങ്ങിപ്പോകുന്നതിനിടെ 70 അംഗ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ സംഘം ഇവരെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ വൈദികരായ ഫാദര്‍ നരിപ്പേല്‍, ജോജോ എന്നിവര്‍ക്ക് ഗുരുതമായി പരിക്കേറ്റിരുന്നു.

സംഭവത്തില്‍ വൈദികര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ദേഷ്യപ്പെടുകയും ബി.ജെ.ഡി അല്ല ബി.ജെ.പിയാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും പറഞ്ഞതായാണ് പരാതി ചൂണ്ടിക്കാട്ടുന്നത്. ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ മുഖത്തടിച്ചതായും കന്യാസ്ത്രീകളെ അസംഭ്യം പറഞ്ഞതായും വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Threat to peaceful coexistence of the country; CBCI on Bajrang Dal attack in Odisha