അട്ടപ്പാടി മധു കൊലക്കേസില്‍ നിന്നും പിന്മാറാന്‍ കുടുംബത്തിന് ഭീഷണി; മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
Kerala News
അട്ടപ്പാടി മധു കൊലക്കേസില്‍ നിന്നും പിന്മാറാന്‍ കുടുംബത്തിന് ഭീഷണി; മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 9:32 am

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ കേസില്‍ നിന്നും പിന്മാറാന്‍ ഭീഷണിയുള്ളതായി മധുവിന്റെ കുടുംബം. കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുക്കാലി സ്വദേശി അബ്ബാസ് തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് മധുവിന്റെ അമ്മയും സഹോദരിയും പരാതിപ്പെട്ടത്.

സംഭവത്തില്‍ മധുവിന്റെ അമ്മ മല്ലി നല്‍കിയ പരാതിയില്‍ അബ്ബാസിനെതിരെ കേസെടുക്കാന്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി ഉത്തരവിട്ടു.

പുതിയ വീട് നിര്‍മിച്ച് തരാം, കേസിന്റെ പിറകെ പോകാതെ സുഖമായി ജീവിക്കൂ, എന്ന് അബ്ബാസ് പറഞ്ഞതായി മധുവിന്റെ സഹോദരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകരുതെന്ന് അബ്ബാസ് ഭീഷണിപ്പെടുത്തിയതായി അമ്മ മല്ലിയും പ്രതികരിച്ചു.

ഭീഷണി ഭയന്ന് താമസം മാറേണ്ട അവസ്ഥ വരെ എത്തിയെന്നും കുടുംബം പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നും മധുവിന്റെ സഹോദരി സരസു നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്ന് കാണിച്ച് പാലക്കാട് എസ്.പിക്കും മധുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട കേസില്‍ 122 സാക്ഷികളാണുള്ളത്. ഇതില്‍ 19 പേരെ ഇതുവരെ വിസ്തരിച്ചതില്‍ ഒമ്പത് പേരും മൊഴിമാറ്റി.

കേസിലെ ഇരുപതാം സാക്ഷിയായ മയ്യന്‍ എന്ന മരുതനെ തിങ്കളാഴ്ച കോടതി വിസ്തരിക്കും.

നേരത്തെ കൂറുമാറിയവര്‍ക്കെതിരെ പരാതിയുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയിലായിരുന്നു മധുവിന്റെ അമ്മ പരാതി നല്‍കിയത്.

പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് സാക്ഷികള്‍ മൊഴിമാറ്റി പറഞ്ഞത്. ഇത് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും, തങ്ങള്‍ക്ക് ജീവിക്കാന്‍ ഭീഷണിയുണ്ടെന്നും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു.

കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെട്ടുവെന്നും കേസുമായി മുന്നോട്ട് പോകുന്നതില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ ദിവസം കേസിലെ 18ാം സാക്ഷിയും കൂറുമാറിയിരുന്നു. രഹസ്യമൊഴി നല്‍കിയ 17ാം സാക്ഷി ജോളിയും രണ്ട് ദിവസം മുമ്പ് കൂറുമാറിയിരുന്നു. മധുവിനെ പ്രതികള്‍ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടെന്ന് മൊഴി നല്‍കിയ ജോളിയാണ് വിസ്താരത്തിനിടെ കൂറുമാറിയത്.

കേസിലെ സാക്ഷി വിസ്താരം ആരംഭിച്ചതിന് ശേഷം കോടതിയില്‍ ഹാജരായ 10 മുതല്‍ 18 സാക്ഷികളില്‍ 13ാം സാക്ഷി മാത്രമാണ് കേസിന് അനുകൂലമായി മൊഴി കൊടുത്തത്. കൂറുമാറിയ എല്ലാ സാക്ഷികളും മുമ്പ് രഹസ്യമൊഴി കൊടുത്തവരാണ്.

പാക്കുളം സ്വദേശി ഹുസൈന്‍ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണതായുമാണ് കോടതിയില്‍ 13ാം സാക്ഷി സുരേഷ് മൊഴി നല്‍കിയത്. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് അനുകൂല മൊഴി ലഭിച്ചത്.

സാക്ഷികളുടെ തുടര്‍ കൂറുമാറ്റം കേസില്‍ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് എം. മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.

2018 ഫെബ്രുവരി 22നായിരുന്നു മധു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ ജൂണ്‍ 8നാണ് കേസിന്റെ വിചാരണ തുടങ്ങിയത്.

Content Highlight: Threat against the family of Attappadi Madhu in continuing the murder case, court ordered to take action