ഹവാനയില്‍ യു.എസിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങള്‍; റൗളിനെ തട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് മരിയേല കാസ്‌ട്രോ
World
ഹവാനയില്‍ യു.എസിനെതിരെ പ്രതിഷേധിച്ച് ആയിരങ്ങള്‍; റൗളിനെ തട്ടിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് മരിയേല കാസ്‌ട്രോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2026, 3:31 pm

ഹവാന: ക്യൂബന്‍ മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റം ചുമത്താനുള്ള യു.എസ് നടപടിക്കെതിരെ ഹവാനയിലെ യു.എസ് എംബസിക്ക് മുന്നില്‍ പ്രതിഷേധം. ആയിരക്കണക്കിന് പേര്‍ ക്യൂബന്‍ തലസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കാളികളായി.

90കളിലെ ഒരു വിമാന ആക്രമണവുമായി ബന്ധപ്പെട്ടാണ് റൗള്‍ കാസ്‌ട്രോക്കെതിരെ യു.എസ്. കുറ്റം ചുമത്തിയത്. ക്യൂബയ്ക്ക് മേലുള്ള സമ്മര്‍ദം യു.എസ് ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നടപടി.

കുറ്റം ചുമത്തിയതിനെതിരെ ഹവാനയില്‍ യു.എസ് എംബസിക്ക് സമീപം നടന്ന പ്രതിഷേധ പരിപാടികളില്‍ 20,000ലധികം പേര്‍ പങ്കെടുത്തു. റൗള്‍ കാസ്‌ട്രോയുടെ മകള്‍ മരിയേല കാസ്‌ട്രോ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തില്‍ പങ്കാളികളായി.

പ്രകടനത്തില്‍ റൗള്‍ കാസ്‌ട്രോയുടെ സന്ദേശവും വായിച്ചു. തനിക്ക് ജീവനുള്ള കാലത്തോളും വിപ്ലവത്തിന്റെ മുന്നണിയിലുണ്ടാവുമെന്ന് റൗള്‍ കാസ്‌ട്രോയുടെ സന്ദേശത്തില്‍ പറയുന്നു.

ഏത് നിമിഷവും ശത്രുവിനെ നേരിടാന്‍ രാജ്യം തയ്യാറാണെന്ന് മരിയേല കാസ്‌ട്രോ പറഞ്ഞു. ‘അവര്‍ പറഞ്ഞു അവര്‍ ഇങ്ങോട്ട് വരുമെന്ന്… വന്നുകൊള്ളൂ… ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ യു.എസിനെ ലക്ഷ്യമിട്ട് മരിയേസ പറഞ്ഞു.

റൗള്‍ കാസ്‌ട്രോയെ ആരും തട്ടിക്കൊണ്ട് പോകില്ല എന്നും മരിയേല പറഞ്ഞു. ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡനന്റ് നിക്കോളാസ് മഡുറോയെ യു.എസ് തട്ടിക്കൊണ്ടുപോയതിനെ ഓര്‍മിപ്പിച്ചായിരുന്നു മരിയേലയുടെ പരാമര്‍ശം. മഡുറോക്ക് എതിരെ നടന്നപോലുള്ള നീക്കം കാസ്‌ട്രോയ്‌ക്കെതിരെയും നടക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

1996 ഫെബ്രുവരി 24ന് ബ്രദേഴ്‌സ് ടു റെസ്‌ക്യൂ എന്ന മിയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ രണ്ട് വിമാനങ്ങള്‍ ക്യൂബന്‍ സൈന്യം വെടിവെച്ചിട്ട സംഭവത്തില്‍ മാസം 20നായിരുന്നു യു.എസ് റൗളിനെതിരെ കുറ്റം ചുമത്തിയത്. ഫിദല്‍ കാസ്‌ട്രോയുടെ സഹോദരനും 94 വയസ്സുകാരനുമായ റൗള്‍ കാസ്‌ട്രോയെ ഇപ്പോഴും ക്യൂബയിലെ ഏറ്റവും അധികാരമുള്ള നേതാവായാണ് കണക്കാക്കുന്നത്.

ബ്രദേഴ്സ് ടു റെസ്‌ക്യൂവിന്റെ രണ്ട് സിവിലിയന്‍ വിമാനങ്ങള്‍ വെടിവച്ചിടാനുള്ള തീരുമാനത്തിലേക്ക് ക്യൂബന്‍ സൈന്യം എത്തിച്ചേരുന്നതില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന റൗള്‍ കാസ്ട്രോയ്ക്ക് നേതൃപരമായ പങ്കുണ്ടെന്ന് യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിക്കുന്നു. യു.എസ് പൗരരെ കൊല്ലുന്നതിനായുള്ള ഗൂഡാലോചന, കൊലപാതകം, വിമാന ആക്രമണം എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ റൗള്‍ കാസ്ട്രോയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ചുമത്തിയത്.

1996ല്‍ ബ്രദേഴ്സ് ടു റെസ്‌ക്യൂ വിമാനം തകര്‍ന്ന് നാല് പേരായിരുന്നു കൊല്ലപ്പെട്ടത്. സംഭവം ആഗോള തലത്തില്‍ അപലപിക്കപ്പെട്ടിരുന്നു. വിമാനം ആക്രമിക്കാന്‍ താനോ ആഭ്യന്തരമന്ത്രി റൗള്‍ കാസ്ട്രോയോ ഉത്തരവിട്ടില്ലെന്ന് ഈ സംഭവത്തില്‍ അന്നത്തെ ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിഡല്‍ കാസ്ട്രോ പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ റൗള്‍ കാസ്ട്രോയ്ക്കെതിരെ യു.എസ് കുറ്റം ചുമത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് ക്യൂബയുടെ ഇപ്പോഴത്തെ ഭരണാധികാരി മിഗ്വേല്‍ ഡയസ്-കാനല്‍ അഭിപ്രായപ്പെട്ടിരുന്നു. റൗള്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ക്യൂബന്‍ ഭരണാധികാരി നിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlight: Thousands rally outside US embassy in Havana over Raul Castro indictment