World
'ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ് ട്രംപിന് വഴങ്ങരുത് '; ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയ്ക്ക് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട കത്ത്
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങരുതെന്ന് ഹാര്‍ഡ് വാര്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്ന കത്തില്‍ ഒപ്പുവെച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍. യൂണിവേഴ്‌സിറ്റി പ്രസിഡന്റ് അലന്‍ എം. ഗാര്‍ബറിനും യൂണിവേഴ്‌സിറ്റി ബോര്‍ഡിനുമാണ് കത്തയച്ചത്.
റദ്ദാക്കിയ ഫെഡറല്‍ ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടവുമായി ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റി ചര്‍ച്ചയ്ക്ക് തയ്യാറായതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ത്ഥനയുമായി എത്തിയത്.
കൊളംബിയ യൂണിവേഴ്‌സിറ്റി, ബ്രൗണ്‍ യൂണിവേഴ്‌സിറ്റി എന്നിവരുടെ പാത പിന്തുടരരുതെന്നാണ് ഹാര്‍വാര്‍ഡിനോട് വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അക്കാദമിക് സ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ക്രിംസണ്‍ കറേജ് എന്ന, ഹാര്‍വാര്‍ഡിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഗ്രൂപ്പാണ് കത്തയച്ചത്. 14,000 വിദ്യാര്‍ത്ഥികളും, ജീവനക്കാരും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ആളുകളാണ് കത്തില്‍ ഒപ്പുവെച്ചത്.
വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും അവരുടെ രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് സര്‍വകലാശാല ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം, കൊളംബിയ യൂണിവേഴ്‌സിറ്റി, അവരുടെ ലൈബ്രറിയില്‍ ഒരു പലസ്തീന്‍ അനുകൂല പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ഏകദേശം 80 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഹാര്‍ഡ്‌വാര്‍ഡിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിന് തടയിടണമെന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ ചില നിയന്ത്രണങ്ങള്‍ കാരണം യു.എസ് സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ട്രംപ് ഭരണകൂടം ഉന്നത സര്‍വകലാശാലകള്‍ക്കു മേല്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ നേരത്തെ നിലപാടെടുത്തിരുന്ന സര്‍വകലാശാലയായിരുന്നു ഹാര്‍ഡ്‌വാര്‍ഡ്. മെയ് മാസത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ സര്‍വകലാശാല ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് മറുപടിയെന്നോണമാണ് ട്രംപ് ഭരണകൂടം സര്‍വകലാശാലയ്ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ബില്യണ്‍ ഡോളറിലധികം വരുന്ന ഫെഡറല്‍ ഫണ്ടുകള്‍ മരവിപ്പിച്ചത്.
ഹാര്‍വാര്‍ഡ് പൗരാവകാശ നിയമം ലംഘിച്ചുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ജൂത വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ അനുവദിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ഫെഡറല്‍ ഫണ്ട് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഹാര്‍ഡ്‌വാര്‍ഡ് ട്രംപ് ഭരണകൂടവുമായി ഒരു കരാറിന് തയ്യാറെടുക്കുകയാണെന്ന് ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മരവിപ്പിച്ച ഫണ്ട് പുനസ്ഥാപിച്ചതിനും സെമിറ്റിസ വിരുദ്ധ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചതിനും പകരമായി ഹാര്‍ഡ്‌വാര്‍ഡ് ട്രംപ് ഭരണകൂടത്തിന് 500 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കരാര്‍ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം കൊളംബിയ യൂണിവേഴ്‌സിറ്റി, തങ്ങളുടെ ക്യാമ്പസില്‍ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി ക്യാമ്പുകള്‍ ആരംഭിച്ചതു മുതലാണ് യു.എസിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ ട്രംപ് ഭരണകൂടത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുതുടങ്ങിയത്.
ഇസ്രഈലിന്റെ സൈനിക -വ്യാവസായിക കമ്പനികളിലെ യൂണിവേഴ്‌സിറ്റി നിക്ഷേപങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ജനുവരിയില്‍ ട്രംപ് രണ്ടാമതും അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ കൊളംബിയയിലെ പ്രതിഷേധങ്ങളെ ബൈഡന്‍ ഭരണകൂടം വിമര്‍ശിക്കുകയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ ‘ആന്റിസെമിറ്റിക്’ എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു.
അതേസമയം ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് ഹാര്‍വാര്‍ഡ് സര്‍വകലാശാല വഴങ്ങുന്നത് മറ്റ് സര്‍വകലാശാലകളെയും ഇത്തരത്തില്‍ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഇക്കഴിഞ്ഞ ജൂണില്‍, ‘വിദ്യാഭ്യാസവും ഫലസ്തീനും’ എന്ന വിഷയത്തിന്മേല്‍ തയ്യാറാക്കിയിരുന്ന ഒരു പ്രത്യേക പതിപ്പിന്റെ പ്രകാശനം ഹാര്‍വാര്‍ഡ് കാരണംകൂടാതെ റദ്ദാക്കിയിരുന്നു.
സര്‍വകലാശാലയ്ക്ക് അയച്ച കത്തില്‍ 465-ലധികം വരുന്ന പണ്ഡിതന്മാര്‍ ഹാര്‍വാര്‍ഡ് വിദ്യാഭ്യാസ പബ്ലിഷിങ് ഗ്രൂപ്പിന്റെ ഈ ലക്കം റദ്ദാക്കാനുള്ള തീരുമാനത്തെ അപലപിച്ചിട്ടുണ്ട്.
അതേസമയം ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ സ്‌പോര്‍ട്സില്‍ പങ്കെടുക്കുന്നത് പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരു കരാറില്‍ പെന്‍സില്‍വാനിയ സര്‍വകലാശാല അടുത്തിടെ ഒപ്പുവെച്ചിരുന്നു.
അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറയെത്തന്നെ ഇല്ലാതാക്കുന്ന അപകടകരമായ കീഴടങ്ങലിനെയാണ് ഇത് കാണിക്കുന്നതെന്നും ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാല ആ പാത പിന്തുടരുതെന്നും കത്ത് ആവശ്യപ്പെടുന്നു.
Content Highlight: Thousands Ask Harvard Not to ‘Give in’ and Pay Fine to Trump