സി.പി.ഐ.എം എന്നന്നേക്കുമായി തകരരുത് എന്നാഗ്രഹിക്കുന്നവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യും: ഷിബു ബേബി ജോണ്‍
Kerala News
സി.പി.ഐ.എം എന്നന്നേക്കുമായി തകരരുത് എന്നാഗ്രഹിക്കുന്നവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യും: ഷിബു ബേബി ജോണ്‍
ആദര്‍ശ് എം.കെ.
Monday, 6th April 2026, 2:54 pm

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറ നിയോജകമണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആര്‍.എസ്.പി നേതാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഭരണവിരുദ്ധ വികാരമാണ് നിലവിലുള്ളതെന്ന് റിപ്പോര്‍ട്ടറിനോട് അദ്ദേഹം പറഞ്ഞു.

‘എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ലാത്ത നിലയിലേക്കുള്ള ഭരണവിരുദ്ധ വികാരം നില്‍പ്പുണ്ട്. ചവറയില്‍ സമസ്ത മേഖലയിലും ഒരു അനാഥത്വം, ഒരു നാഥനില്ലാത്ത അവസ്ഥ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത്തവണ എല്ലാം തിരിച്ചുപിടിച്ചിരിക്കും, ഒരു സംശയവും ആ കാര്യത്തിലില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ കാറ്റ് ഉണ്ടായിരുന്നിട്ടും വെറും ആയിരം വോട്ടിനാണ് അവര്‍ വിജയിച്ചതെന്ന് ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും, ഇടതുമുന്നണിക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധം നഷ്ടപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു

തന്റെ തെരഞ്ഞെടുപ്പ് ജീവിതതത്തില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിക്ഷത്തില്‍ ചവറയില്‍ നിന്ന് താന്‍ വിജയിക്കുമെന്നും കേരളത്തില്‍ യു.ഡി.എഫ് നൂറ് സീറ്റ് നേടി അധികാരത്തിലെത്തുമെന്നും ഷിബു ബേബി ജോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സി.പി.ഐ.എമ്മിന്റെ അടിത്തറ ഇളകുകയാണെന്നും, അവരുടെ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുന്‍ കാലങ്ങളില്‍ ഭരണവിരുദ്ധ വികാരം കണ്ടിട്ടുണ്ടെങ്കില്‍ അത് നിഷ്പക്ഷ സമൂഹം അങ്ങോട്ടും ഇങ്ങോട്ടും വോട്ട് ചെയ്യുമ്പോഴാണ്. പുതുപ്പള്ളിയില്‍ പോലും സി.പി.ഐ.എമ്മിന്റെ കോര്‍ വോട്ടിലേക്ക് നമുക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. നിക്ഷ്പക്ഷ വോട്ടുകളുടെ ഷിഫ്റ്റ് ആണ് ഉണ്ടായത്.

എന്നാല്‍ ഇത്തവണ നോക്കിക്കോളൂ, സി.പി.ഐ.എമ്മിന്റെ അടിത്തറ ഇളകുകയാണ്. അവരുടെ അടിത്തറയിളകുന്നത് ഈ തെരഞ്ഞെടുപ്പോടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

സി.പി.ഐ.എം എന്നന്നേക്കുമായി തകരരുത് എന്ന് ആഗ്രഹിക്കുന്നവര്‍, ഇനിയൊന്ന് അധികാരത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന തീരുമാനത്തില്‍ യു.ഡി.എഫിന് അനുകൂലമായി നില്‍ക്കുകയാണ്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ജനങ്ങള്‍ വിധി എഴുതിക്കഴിഞ്ഞെന്നും കേരളത്തിലെ ഫലം എന്തായിരിക്കുമെന്ന് തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Those who want the CPI(M) not to collapse forever will vote for the UDF: Shibu Baby John

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.