കൈയില്‍ വാക്‌സിനെടുത്താല്‍ എല്ലാവരും 'ബാഹുബലി'യാകും: മോദി
Covid Vaccine
കൈയില്‍ വാക്‌സിനെടുത്താല്‍ എല്ലാവരും 'ബാഹുബലി'യാകും: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th July 2021, 11:30 am

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളോട് വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളിയാകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആദ്യഡോസ് വാക്‌സിനെടുത്തുവെന്ന് വിശ്വസിക്കുന്നു. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ബാഹുവില്‍ (കൈയില്‍) വാക്‌സിനെടുക്കുന്നത് വഴി നമ്മളെല്ലാവരും ബാഹുബലിയാകും. നിലവില്‍ രാജ്യത്തെ 40 കോടി ജനങ്ങള്‍ ബാഹുബലിയായിട്ടുണ്ട്,’ മോദി പറഞ്ഞു.

പാര്‍ലമെന്റില്‍ കൊവിഡ് പ്രതിരോധത്തിന് ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പെഗാസസ് ചോര്‍ത്തലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇസ്രഈല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ബിനോയ് വിശ്വം എം.പിയാണ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ലോക്സഭയില്‍ എന്‍.കെ. പ്രേമചന്ദ്രനും നോട്ടീസ് നല്‍കി. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകസമരവും ഇന്ധനവില വര്‍ധനയും പാര്‍ലമെന്റില്‍ ഉന്നയിച്ച് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരുന്നു പ്രതിപക്ഷം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പെഗാസസ് ആയുധമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.

രാജ്യത്തെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി വയര്‍, ഇന്ത്യാ ടുഡേ, നെറ്റ് വര്‍ക്ക് 18, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തിയിരിക്കുന്നത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Those Who Take Shot in Baahu Become Baahubali PM Modi