സി.എം.ആര്‍.എല്ലില്‍ നിന്നും സേവനം നല്‍കാതെ പണം കൈപറ്റിയവര്‍ സതീശന്റെ മന്ത്രിസഭയിലുണ്ട്; ഭയപ്പെടുത്താമെന്ന് കരുതിയെങ്കില്‍ തെറ്റി: എം.എ ബേബി
Kerala
സി.എം.ആര്‍.എല്ലില്‍ നിന്നും സേവനം നല്‍കാതെ പണം കൈപറ്റിയവര്‍ സതീശന്റെ മന്ത്രിസഭയിലുണ്ട്; ഭയപ്പെടുത്താമെന്ന് കരുതിയെങ്കില്‍ തെറ്റി: എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2026, 11:01 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ നിഗൂഢ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ഇത്തരം ഭീഷണികള്‍ കാട്ടി സി.പി.ഐ.എമ്മിനെയോ പിണറായി വിജയനെയോ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയതിനെ തുടര്‍ന്ന് അന്വേഷണം തുടരാമെന്ന വ്യാജേനയാണ് ഇപ്പോള്‍ ഇ.ഡി റെയ്ഡുകള്‍ നടക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ നടത്തിയ സോഫ്റ്റ്‌വെയര്‍ കമ്പനി സി.എം.ആര്‍.എല്ലിന് നല്‍കിയ സേവനത്തിന്റെ പ്രതിഫലത്തെ അഴിമതിയായി ചിത്രീകരിച്ചാണ് ഈ കുപ്രചരണം.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച വീണ, ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരായി വ്യക്തമായ മറുപടി നല്‍കിയിട്ടുള്ളതുമാണ്. എന്നിട്ടും ഈ നിലപാടുകളെ തള്ളിക്കൊണ്ട് തിരുവനന്തപുരത്തും മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഇതിന്റെ ഗൂഢ രാഷ്ട്രീയം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുമെന്നും വീണ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.എം.ആര്‍.എല്ലില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം യാതൊരു സേവനവും നല്‍കാതെ വന്‍ തുക കൈപ്പറ്റിയ പ്രമുഖര്‍ കേരള രാഷ്ട്രീയത്തിലുണ്ടെന്നും എം.എ. ബേബി ആരോപിച്ചു. അത്തരത്തില്‍ പണം കൈപ്പറ്റിയ രണ്ട് പ്രമുഖ നേതാക്കള്‍ വി.ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരാണെന്നും, ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എക്കാലത്തും സി.പി.ഐ.എമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, ‘കോണ്‍ഗ്രസ് എന്തുകൊണ്ട് പിണറായിയെ മാത്രം തൊടുന്നില്ല’ എന്ന തരത്തില്‍ വലിയ പ്രചരണം നടത്തിയ നേതാക്കള്‍ ഈ റെയ്ഡില്‍ സംതൃപ്തരാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് എം.എല്‍.എ ആയിരിക്കെ ക്രൂരമായ പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ആളാണ് പിണറായി വിജയന്‍. അദ്ദേഹത്തെയും പാര്‍ട്ടിയെയും ഭയപ്പെടുത്താന്‍ നോക്കുന്നവര്‍ക്ക് സി.പി.ഐ.എമ്മിനെക്കുറിച്ച് അറിയില്ല.’ എം.എ. ബേബി പറഞ്ഞു.

മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഭീഷണിക്കുള്ള ആയുധമാക്കി മാറ്റി പാര്‍ട്ടികളെ ഇല്ലാതാക്കാനും വിലയ്‌ക്കെടുക്കാനും പിളര്‍ത്താനും ശ്രമിക്കുകയാണെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും ജയിലിലിട്ടെങ്കിലും വിചാരണ കോടതി ആ കേസ് തള്ളിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് എം.എ. ബേബിയുടെ ഈ പ്രതികരണം.

പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ഈ വേട്ടയാടലിനെ നിയമപരമായും രാഷ്ട്രീയമായും ജനങ്ങളെ അണിനിരത്തി സി.പി.ഐ.എം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Those who received CMRL funds without rendering services are part of Satheesan’s cabinet says MA Baby