തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദവി സംസ്ഥാനത്തെ ഏറ്റവും സുപ്രധാനമായ പദവിയാണെന്നും ഗവര്‍ണര്‍ ഒപ്പ് വെച്ച് കഴിഞ്ഞാല്‍ ആ പദവിയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് മാറ്റാന്‍ കഴിയില്ലെന്നും നിയാസ് പറഞ്ഞു. ആ സുപ്രധാന പദവിയിലേക്ക് ഒരു സംഘപരിവാര്‍ ബന്ധമുള്ള ഒരു വ്യക്തിയെ നിയമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
‘ ശേഷാദ്രിനാഥന്റെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ ഇടപെടുലകളെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞതാണ്. എന്നാല്‍ ഞാന്‍ പറഞ്ഞ ശേഷം ഇപ്പോള്‍ അദ്ദേഹത്തെ എല്ലാ സാമൂഹിക മാധ്യമ അക്കൗണ്ടുകളും അപ്രത്യക്ഷമായിരിക്കുകയാണ്. അദ്ദേഹത്തിന് മറയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിനതെല്ലാം ഒഴിവാക്കണം,’ നിയാസ് ചോദിച്ചു.
ആഭ്യന്തര മന്ത്രിയെ കണ്ട് താന്‍ വലിയൊരു ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും നിയാസ് പറഞ്ഞു. ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍, കൈ ശുദ്ധമാണെങ്കില്‍ ശേഷാദ്രിനാഥന്‍ എന്തിന് അപ്രത്യക്ഷമായി എന്നും നിയാസ് ചോദിച്ചു.
ശേഷാദ്രിനാഥന്റെ കഴിഞ്ഞ കാല ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും ഇതൊന്നും ബോധ്യപെടാത്ത വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് ഇത് സംബന്ധിച്ച പകര്‍പ്പുകള്‍ നല്‍കണമെന്നുമാണ് താന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടതെന്നും നിയാസ് പറഞ്ഞു.
കണ്ണുള്ളവര്‍ക്ക് എല്ലാം കാണാമെന്നും എന്നാല്‍ കാണേണ്ടവര്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ കാണാനും താന്‍ ഇന്ന് ശ്രമിക്കുന്നുണ്ടെന്നും സ്വന്തം ആവശ്യത്തിനല്ല കേരളത്തിലെ യു.ഡി.എഫ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും വേണ്ടി നിയമാനുസൃത വഴിയിലൂടെയാണ് താന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ നിയമനം ഹോള്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞതെന്നും തന്റെ പരാതി പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും പി.എം നിയാസ് പറഞ്ഞു.
ശേഷാദ്രിനാഥന്റെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തെ സാമൂഹിക മാധ്യമ ഇടപാടുകളിലെ ബി.ജെ.പി അനുകൂല സാമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള തീരുമാനം തന്റെ അറിവോടെയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി പ്രതികരിച്ചിരുന്നു. ഇതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നു ഇതെന്നും മന്ത്രി വ്യക്തമാക്കി. ശേഷാദ്രിനാഥന്റേത് കോണ്‍ഗ്രസ് വിരുദ്ധ പശ്ചാത്തലമെന്നും നിയമനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്നും ആരോപിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
2021മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലാണ് മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Content Highlight: Those who have eyes can see everything but those who need to see do not: PM Niyaz meets Home Minister on Seshadri Nathan issue
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.