കോഴിക്കോട്: കേരളത്തില്‍ എസ്.എഫ്.ഐ നടത്തിയ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട എം.എസ്.എഫിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍.
പ്രതിഷേധം സംഘടിപ്പിക്കുന്ന സംഘടനകള്‍ക്ക് അറിയാം എങ്ങനെയാണ് പ്രതിഷേധിക്കേണ്ടതെന്ന്. പ്രതിഷേധത്തിന്റെ ഫലമെന്താകും എന്നറിഞ്ഞിട്ടായിരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബീഫ് ഫെസ്റ്റ് സമര ആഭാസമാണെന്ന വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. തനിക്ക് അതില്‍ അഭിപ്രായമില്ലെന്നും നമ്മള്‍ അതില്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പോര്‍ക്ക് തിന്നേണ്ടവര്‍ക്ക് പോര്‍ക്ക് തിന്നാം.
കേരളത്തില്‍ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നുവെന്ന തരത്തിലുള്ള വിദ്വേഷ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച പ്രോപഗണ്ട ചിത്രം ദി കേരളാ സ്റ്റോറി ടൂ വിനെതിരായി എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെ തള്ളിക്കൊണ്ടായിരുന്നു എം.എസ്.എഫ് നേതാവിന്റെ പ്രസ്താവന.
അതേസമയം, ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനുശേഷമുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഹുസൈന്‍ മടവൂര്‍ തയ്യാറായില്ല.
അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രായമേറിയ ആളല്ലേ. അദ്ദേഹം ഉദ്ദേശിച്ച കാര്യം അഹത്തിനോട് തന്നെ ചോദിക്കണമെന്നും ഹുസൈന്‍ മടവൂര്‍ പ്രതികരിച്ചു.
കേരളത്തിലെ മുസ്‌ലിങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്‌ലിങ്ങളുടെ കാര്യമെടുത്താല്‍ ആപേക്ഷികമായി കേരളത്തിലുള്ളവര്‍ സുരക്ഷിതരാണ്. ചില പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഷയത്തിലും മുസ്‌ലിങ്ങള്‍, മുസ്‌ലിങ്ങളുടെ പ്രശ്‌നം എന്ന് പറയേണ്ടതില്ല. എല്ലാവര്‍ക്കും സുരക്ഷ വേണം, വികസനം വേണം എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹുസൈന്‍ മടവൂര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ കാണാനോ ഭാവി ആവശ്യങ്ങള്‍ക്കോ ആയി അങ്ങനെ പറയരുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങളും മറ്റ് ന്യൂനപക്ഷങ്ങളും ദലിതരും വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞിരുന്നു.
Content Highlight: Those who eat pork can eat pork; no one will stop them; Hussain Madavoor