എഡിറ്ററായി സിനിമാരംഗത്തേക്ക് പ്രവേശനം. പിന്നീട് ചെറിയ റോളിലൂടെ അഭിനയത്തിലേക്ക് കടന്ന നടനാണ് സംഗീത് പ്രതാപ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സംഗീത് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെട്ടു. അവസാനമായി മോഹൻലാലിന്റെ കൂടെ ഹൃദയപൂർവ്വത്തിലും എത്തി.
‘നസ്‌ലെനും മമിതയും മാത്യൂവും ഒക്കെയായിട്ട് നല്ല ബന്ധമുള്ള വ്യക്തിയാണ് ഞാൻ. നമ്മൾ എല്ലാവരും ദിവസേന വിളിക്കുന്ന ആൾക്കാരാണ്. സിനിമയ്ക്ക് അകത്തായാലും പുറത്തായാലും എനിക്കുള്ള സുഹൃത്തുക്കൾ അങ്ങനെയാണ്. ചിലർ സിനിമാ ബന്ധം എന്നതിൽ നിന്നും പേഴ്‌സണലി ക്ലോസായ ആളുകളായി മാറും. അവരെയെല്ലാം പ്രയോരിറ്റി നിശ്ചയിച്ച് പരസ്പരം വിളിക്കുകയും കാണുകയും ചെയ്യാറുണ്ട്. നസ്‌ലെൻ, മാത്യു ആണെങ്കിലും മമിത ബൈജു ആണെങ്കിലും അങ്ങനെ തന്നെയാണ്,’ സംഗീത് പറയുന്നു.
തനിക്ക് സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായും സംഗീത് പറഞ്ഞു. അതിന് വേണ്ടി താൻ ഒരുപാട് ഓടിയിരുന്നെന്നും എന്നാൽ ആക്ടിങ്ങിൽ അവസരങ്ങൾ വന്നപ്പോൾ ശ്രദ്ധ അതിലേക്കായെന്നും നടൻ പറഞ്ഞു. സംവിധാനം എന്നത് കൂടുതൽ സമയം വേണം. അതിന് വേണ്ടിയുള്ള ഓട്ടങ്ങൾ വലുതായിരിക്കും. എല്ലാം കൂടി ഒത്തുവരുന്ന മൊമന്റിന് വേണ്ടി സംവിധാനം എന്നത് കുറച്ച് നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും സംഗീത് കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ മനസിനക്കരെ എന്ന സിനിമയാണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും അതിലെ സംഗീതവും ഇമോഷനും കുടുംബ ബന്ധങ്ങളുമെല്ലാം സമാധാനവും സന്തോഷവും തരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തെക്കുറിച്ച് പറയാൻ താൻ അർഹനല്ലെന്നും അവർ ഫിലിമിൽ ഷൂട്ട് ചെയ്തിരുന്ന ആളുകളാണെന്നും എന്തുവേണം എന്തുവേണ്ട എന്ന് അറിവുള്ളവരാണെന്നും ക്ലാരിറ്റിയുള്ള സംവിധായകനാണ് സത്യൻ അന്തിക്കാടെന്നും സംഗീത് കൂട്ടിച്ചേർത്തു.
തനിക്ക് അന്യഭാഷയിലേക്കും അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ ഒന്നും സെലക്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Those three people are people I call every day; I have a good relationship with them: Sangeeth Prathap