തൂത്തുക്കുടി : 2020ൽ കൊവിഡ് കാലത്ത് നടന്ന തൂത്തുക്കുടിയിലെ ലോക്കപ്പ് മർദന കൊലപാതകത്തിലെ പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുരയിലെ വിചാരണ കോടതി.
മൊബൈൽ ഷോപ്പ് നടത്തുകയായിരുന്ന പി. ജയരാജിനെയും മകന്‍ ജെ. ബെനിക്സനെയും കസ്റ്റഡിയിലെടുത്ത്.ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഒമ്പത് പൊലീസുകാർക്കാണ് തിങ്കളാഴ്ച കോടതി വധശിക്ഷ വിധിച്ചത്.
ഇന്‍സ്പെക്ടര്‍ ശ്രീധര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ബാലകൃഷ്ണന്‍, രഘു ഗണേഷ്, പോലീസ് ഉദ്യോഗസ്ഥരായ മുരുകന്‍, സമദുരൈ, മുത്തുരാജ, ചെല്ലദുരൈ, തോമസ് ഫ്രാന്‍സിസ്, വെയിൽ മുത്തു എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.
ക്രൂരമായ കസ്റ്റഡി പീഡനം മരണത്തിന് കാരണമായ രീതിയുമെല്ലാം കണക്കാക്കുമ്പോൾ ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാമെന്ന് കോടതി വിധിയിൽ പറയുന്നു. കേസ് അന്വേഷിച്ച സി.ബി.ഐ പ്രതികൾക്ക് പരോള്‍ ലഭിക്കാത്ത ജീവപര്യന്തം തടവോ വധശിക്ഷയോ പരമാവധി ശിക്ഷയായി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അച്ഛനെയും മകനെയും നഗ്‌നരാക്കി, ക്രൂരമായി ആക്രമിച്ചു തുടങ്ങിയ ക്രൂരതകളെ കുറിച്ച് വായിക്കുമ്പോള്‍ ഹൃദയം നടുങ്ങുന്നുവെന്ന് വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു.
പൊലീസിന്റെ അധികാര ദുര്‍വിനിയോഗമാണ് ഈ കേസെന്നും സത്യസന്ധരായ ഒരുപാട് ഉദ്യോഗസ്ഥരുള്ള തമിഴ്നാട്ടിൽ ഈ വിധി പോലീസുകാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ മൂന്ന് ദൃക്സാക്ഷികളാണുള്ളത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് കോടതിയിൽ നിലനിന്നത്. ഈ ഭയാനകമായ കുറ്റകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തിയ പൊലീസുദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത അച്ഛനെയും മകനെയും ആയുധങ്ങളുപയോഗിച്ച് നിഷ്‌കരുണം മര്‍ദിച്ചതായും തെളിയിച്ചു. ഈ ക്രൂരതയ്ക്ക് ഉയര്‍ന്ന ശിക്ഷ നല്‍കേണ്ടതാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.
2020 ജൂണ്‍ 19 ന് ലോക്ഡൗൺ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം കട തുറന്നുപ്രവർത്തിച്ചെന്ന് ആരോപിച്ച് തൂത്തുകുടിയിൽ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്ന ജയരാജിനെയും മകൻ ബെനിക്‌സിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്നാണ് ഇരുവരേയും ലോക്കപ്പിൽ ക്രൂര മർദനത്തിനിരയാക്കിയത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിനെ ന്യായീകരിക്കാനായി വാദിച്ചതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ഇരുവരെയും സാത്താന്‍കുളം പൊലീസ് സ്റ്റേഷനിൽ വെച്ചാണ് മർദനത്തിനിരയാക്കിയത്. പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെങ്കിലും പരിക്കുകൾ കാരണം ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും മരിച്ചു.
രാത്രി മുഴുവന്‍ ഇവരെ പൊലീസ് മർദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആന്തരിക രക്തസ്രാവം ഉള്‍പ്പെടെയുള്ള പരിക്കുകളും കഠിനമായ ശാരീരിക പീഡനത്തിന്റെ തെളിവുകളും ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം, തമിഴ്നാട് സി.ബി-സി.ഐ.ഡിയില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 10 പോലീസുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടതും കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
എന്നാൽ, കസ്റ്റഡിയിലെടുത്ത അച്ഛനും മകനും അന്നേദിവസം ലോക്കപ്പ് മർദനത്തിനിരയായതായും സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറകള്‍ ഉണ്ടായിരുന്നുവെന്നും ഒരു വനിതാ കോണ്‍സ്റ്റബിൾ നൽകിയ മൊഴിയാണ് പിന്നീട് കേസിൽ നിർണായകമായത്. അഞ്ച് വര്‍ഷത്തിലധികം നീണ്ടുനിന്ന വിചാരണയില്‍ 100-ലധികം സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.
Content Highlight: Thoothukudi custodial murder: Death sentence for nine policemen; Court calls it heart-wrenching cruelty